ജിഐസി 6,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന്

Posted on: August 8, 2017

മുംബൈ : പൊതുമേഖല സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ 6,500 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇഷ്യു സംബന്ധിച്ച പ്രോസ്‌പെക്ടസ് മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് സമർപ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള 12.47 കോടി ഓഹരികളാണ് പുറത്തിറക്കുന്നത്. ഓഹരികളുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടില്ല. മുംബൈ മലയാളിയായ ആലീസ് വൈദ്യൻ ആണ് ജിഐസി ചെയർമാൻ. റീ-ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്ന ജിഐസിയുടെ ഓഹരിവില്പനയ്ക്ക് നേരത്തെ തന്നെ കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.

അക്‌സിസ് കാപ്പിറ്റൽ, സിറ്റി ഗ്രൂപ്പ്, ഡോയിഷ് ബാങ്ക്, എച്ച്എസ്ബിസി, കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ. 2018 മാർച്ചിന് മുമ്പ് ഓഹരിവില്പന പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.