വോക്‌സ്‌വാഗൻ ഇന്ത്യയിൽ ഒരു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചേക്കും

Posted on: October 29, 2015

Volkswagen-Plant-Big

മുംബൈ : ഡീസൽ കാറുകളിലെ മലിനീകരണ നിയന്ത്രണതോത് കുറച്ചുകാട്ടാൻ സോഫ്റ്റ്‌വേറിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടർന്ന് വോക്‌സ്‌വാഗൻ ഇന്ത്യയിൽ ഒരു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചേക്കും. നവംബർ പകുതിയോടെ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായേക്കുമെന്നാണ് വിപണി വിലയിരുത്തൽ. വോക്‌സ്‌വാഗൻ, സ്‌കോഡ, ഓഡി എന്നിവയിൽ ഉപയോഗിക്കുന്ന ഇഎ 189 ടിഡിഐ (1.2 ലിറ്റർ, 1.5 ലിറ്റർ, 1.6 ലിറ്റർ, 2.0 ലിറ്റർ) എൻജിനുകളാണ് ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ കുറ്റകരമായതൊന്നും വോക്‌സ് വാഗൻ നടത്തിയിട്ടില്ലെന്നാണ് ഓട്ടോമൊട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) യുടെ നിലപാട്. ഇന്ത്യയിൽ ഇപ്പോഴും ഭാരത് സ്‌റ്റേജ് 4 (യൂറോ 4 നിലവാരത്തിന് തുല്യം) പൂർണമായും നടപ്പാക്കിയിട്ടില്ല. യുഎസിന് പുറമെ, ജർമ്മനി, ബ്രിട്ടൺ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും വോക്‌സ് വാഗൻ ഈ വിവാദത്തിന്റെ പേരിൽ തിരിച്ചടി നേരിടുന്നുണ്ട്.