പഴവിപണിയിൽ വിദേശ രുചികളുടെ കടന്നുകയറ്റം

Posted on: May 19, 2013

കേരളത്തിൽ വിൽക്കപ്പെടുന്ന പഴങ്ങളുടെ വിപണിയിൽ അന്യസംസ്ഥാന പഴവർഗങ്ങളുടെ ആധിപത്യമാണ്. കോടിക്കണക്കിനു രൂപ വിറ്റുവരവുള്ള ഫ്രൂട്ട്‌സ് മാർക്കറ്റിൽ കേരളത്തിന്റെ സംഭാവന ചെറിയശതമാനം മാത്രമെയുള്ളു. സംസ്ഥാനത്തു വിറ്റഴിക്കപ്പെടുന്ന പഴവർഗങ്ങളിൽ മിക്കതും വരുന്നത് കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇതോടൊപ്പം വിദേശ പഴങ്ങളും മലയാളിയുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്നു.

തമിഴ്‌നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാന ഫ്രൂട്ട്‌സ് കർഷകരുടെയും വില്പനക്കാരുടെയും മുഖ്യ ഉപഭോക്താക്കൾ മലയാളികളാണ്.പപ്പായ, റോസ് മുന്തിരി, സപ്പോർട്ടാ, നെല്ലിക്കാ, റോബസ്റ്റ പഴം എന്നിവയുടെ പ്രധാന മാർക്കറ്റായ തേനിയിൽ നിന്നും പഴത്തിന്റെ വരവ് തീരെ കുറഞ്ഞു. വരവ് കുറഞ്ഞെങ്കിലും വിൽപനയിൽ കുറവുണ്ടായിട്ടില്ല. പക്ഷെ വിലയിലുണ്ടായ വർധന വിൽപ്പനയിൽ ചില്ലറ ചാഞ്ചാട്ടത്തിനു കാരണമായതായി കച്ചവടക്കാർ പറയുന്നു.

സെപ്തംബർ മുതൽ ആരംഭിക്കും പഴങ്ങളുടെ പീക്ക്‌സീസൺ. വിപണിയിൽ ഇപ്പോഴത്തെ താരം ഒറാഞ്ചാണ്. വില്്പനയിൽ മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയിൽ നിന്നുമെത്തുന്ന നാടൻ ഓറഞ്ചുകളാണ്. കഴിഞ്ഞവർഷം 40-50 രൂപയിൽ വില്പന നടന്നിരുന്ന നാടൻ ഓറഞ്ചിന്റെ വില ഇത്തവണ 50 മുതൽ 90 രൂപ വരെയാണ്. സീസണാകുന്നതോടെ, വിലയിൽ കുറവുവരുകയും ചെയ്യും. ഉത്പാദനത്തിനുണ്ടാകുന്ന വർധനവാണ് കാരണം.

നാടൻ ഓറഞ്ചിനൊപ്പം അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന ഓറഞ്ചിനും ആവശ്യക്കാരേറെയാണ്. കുരുവില്ലാത്ത വിദേശ ഓറഞ്ചിനു മധുരവും കൂടുതലാണ്. എന്നാൽ ഇവ കൂടുതലായും വിൽക്കപ്പെടുന്നത് വൻകിട സ്റ്റോറുകളിലാണ്. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്നത് നാടൻ ഓറഞ്ചുകളെയാണ്. ഇത്തവണ കാലവസ്ഥയിലുണ്ടായ വ്യതിയാനം മഹാരാഷ്ടയിലെ ഓറഞ്ചുതോട്ടങ്ങളെ പ്രതികൂലമായി ബാധിച്ചു. സാധാരണയായി സെപ്തംബർ മുതൽ ജനുവരി വരെയാണ് ഓറഞ്ചിന്റെ സീസൺ.

ആപ്പിളുകളിൽ താരം കാശ്മീരിന്റെ തണുപ്പിൽ നിന്നും വരുന്ന കാശ്മീരി ഇനത്തിനാണ്. അപ്പിൾ വിപണിയിലും ഇത്തവണ വിലക്കയറ്റത്തിന്റെ സീസണാണ്. മുൻവർഷങ്ങളിൽ നിന്നും കിലോയ്ക്ക് 15 മുതൽ 30 രൂപ വരെ വിലവർധിച്ചിട്ടുണ്ട്. ഗുണമേന്മയിലും രൂചിയിലുമുള്ള വ്യത്യാസങ്ങൾക്കനുസരിച്ച് വില 90 മുതൽ 130 വരെയാണ് ആപ്പിളിന്റെ വില. എന്നാൽ ആപ്പിളിൽ രാസവസ്തുക്കളുടെ അംശം കൂടുതലാണെന്ന പ്രചാരണം ആപ്പിൾ വിപണിയെ ചെറുതായി തളർത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ മുന്തിരിപ്പാടങ്ങളിൽ നിന്നെത്തുന്ന മുന്തിരികളുടെ വില്പനയും ഇത്തവണ കൂടിയിട്ടുണ്ട്. 50-70 റേഞ്ചിൽ ലഭിക്കുന്ന റോസ് മുന്തിരിക്കു തന്നെയാണ് ഡിമാൻഡ്. ഇതിനൊപ്പം പച്ചമുന്തിരിയും കൂടുതലായി വിറ്റുപോകുന്നുണ്ട്. കഴിഞ്ഞവർഷം 40-60 രൂപയിൽ വില്പന നടത്തിയിരുന്ന മുന്തിരി വില കുതിക്കാൻ കാരണം ഉത്പാദനക്കുറവു തന്നെ.

മുസാംബി, സപ്പോർട്ട, പേരയ്ക്കാ, പൈനാപ്പിൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറയാണ്. ഇതിൽ പൈനാപ്പിൾ മാത്രമാണ് കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പുവരെ ആർക്കും വേണ്ടാതിരുന്ന പപ്പായയ്ക്കുവരെ ഇപ്പോൾ 30-40 രൂപയാണ് വില. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതലായി എത്തുന്നത്.

മാതളനാരങ്ങ പ്രധാനമായും വരുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.രണ്ടുതരം മാതളനാരങ്ങയാണ് വിപണിയിൽ ലഭ്യമാകുന്നത്. വലുപ്പം കൂടിയവയ്ക്ക് കിലോ 160 രൂപയും ചെറുതിന് 120 രൂപയുമാണ് ഇപ്പോഴത്തെ വില. രണ്ടു വർഷം മുമ്പുവരെ കിലോഗ്രാമിന് 300 രൂപയായിരുന്നു വില. രക്തവർധനയ്ക്ക് ഉതകുന്നതിനാൽ വിപണിയിൽ നല്ല ഡിമാൻഡുണ്ട്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് സീസൺ.

നാടൻ ചക്കപഴത്തിനും നഗരങ്ങളിൽ ആവശ്യക്കാരേറെയാണ്. ശരാശരി 20 കിലോഗ്രാം തൂക്കമുള്ള ചക്കയ്ക്ക് 80 രൂപ വില. ഇതേ ചക്ക തമിഴ്‌നാട്ടി ലെത്തുമ്പോൾ വില നാലും അഞ്ചും ഇരട്ടിയാകും. പാഷൻഫ്രൂട്ട് കിലോയ്ക്ക് 15 മുതൽ 20 രൂപ വരെയാണ് വില. മാങ്കുളത്തു നിന്നാണ് ജൈവ പാഷൻഫ്രൂട്ട് കൊച്ചി വിപണിയിൽ എത്തുന്നത്.

വാഴപ്പഴ വിപണിയിൽ നേന്ത്രക്കായയ്ക്കു വില നാല്പതിനോടടുത്താണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ നാട്ടിൻപുറങ്ങളിൽനിന്നുമാണ് ഇവ കൂടുതലായി മാർക്കറ്റിൽ എത്തുന്നത്. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലാണിവയ്ക്കു ആവശ്യക്കാർ ഏറെ. നേന്ത്രപ്പഴത്തിന്റെ വില്പന മറ്റു സമയങ്ങളിൽ ഏകദേശം ഒരുപോലെയാണ്. റോബസ്റ്റ് പഴമാണ് വിപണിയിൽ വിലകുറച്ച് കിട്ടുന്ന ഇനം. കിലോയ്ക്കു 20-30 രൂപയ്ക്കിടെയാണ് റോബസ്റ്റയുടെ വില. ഞാലിപ്പൂവൻ, പാളയൻകോടൻ തുടങ്ങിയവയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്.

വിദേശ പഴങ്ങൾക്കും പ്രിയം

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്ന സിട്രിക് ഓറഞ്ച്, മുസാംബി, ന്യൂസിലാൻഡിൽ നിന്നെത്തുന്ന കിവി ഫ്രൂട്ട് അഥവ ഷുഗർ ഫ്രീ പഴം എന്നിവയെല്ലാം കേരളത്തിൽ കൂടുതൽ ജനപ്രിയമായി. കിലോയ്ക്കു 140 രൂപയിൽ മുകളിലുള്ള സിട്രിക് ഓറഞ്ചിന് സ്വാദും നീരും കൂടുതലാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതായതിനാലാണ് വില ഇത്രയും ഉയർന്നത്. ഓഷ്യാനമേഖലയിൽ നിന്നെത്തുന്ന കിവി ഫ്രൂട്ടാണ് വിദേശ പഴങ്ങളിൽ മുന്നിൽ. ഫുഗർ ഫ്രീയായതിനാൽ ഏതു പ്രായക്കാർക്കും ഉപയോഗിക്കാം. പക്ഷെ വില ഇത്തിരി കൂടുതലാണ്. ഒരു പീസിന് 35 മുതൽ 45 രൂപ വരെയാണ് റേറ്റ്. ഒരു പീസിന്റെ തൂക്കം 200-300 ഗ്രാമിനിടെയാണ്. തായ്‌ലാൻഡിൽ നിന്നെത്തുന്ന സ്വീറ്റ് തംറൈസ് വിഭാഗത്തിൽപ്പെട്ട മധുരപുളി, ചൈനയിൽ നിന്നെത്തുന്ന ഷാൻഡോംഗ് പിയെർ കേരളാ മാർക്കറ്റിൽ പതിയെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

രണ്ടു വർഷമേ ആയുള്ളു ചൈനീസ് പഴങ്ങൾ കേരള വിപണിയിലെത്തി തുടങ്ങിയിട്ട്. ചൈനയിൽ ഉത്പാദിപ്പിക്കുന്ന മധുരം കൂടുതലുള്ള ഫിജി ആപ്പിളിന് 120 മുതൽ 160 രൂപ വരെയാണ് വില. കാഷ്മീരിൽ ആപ്പിളിന്റെ സീസൺ അവസാനിക്കുമ്പോഴാണ് ചൈനയിൽ ഫിജി ആപ്പിളിന്റെ വിളവെടുപ്പ്. വില കൂടുതലാണെങ്കിലും ചൈനീസ് മുന്തിരിയും കേരളാ വിപണിയിൽ വൻതോതിൽ വിറ്റുപോകുന്നു. കിലോഗ്രാമിന് 160 മുതൽ 180 രൂപ വരെയാണ് വില.

പഴവർഗങ്ങളുടെ വില്പന കൂടുതലും നടക്കുന്നത് ജ്യൂസ് കടകളിലും സൂപ്പർമാർക്കറ്റുകളിലും വഴിയോരക്കച്ചവടങ്ങളിലുമാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും സൂപ്പർമാർക്കറ്റുകൾ തന്നെ കേരളത്തിലെ നഗരങ്ങളിലുണ്ട്.