ജീവിതവിജയം നേടാൻ നാലുപുസ്തകങ്ങൾ

Posted on: May 19, 2013

ഉപബോധമനസ്സിന്റെ അനന്തമായ ശക്തി തിരിച്ചറിഞ്ഞ് അത് ജീവിതവിജയത്തിന് പ്രയോജനപ്പെടുത്തി വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുണ്ടാക്കുന്നവർ ലോകജനസംഖ്യയിൽ ഒരു ശതമാനത്തോളമേ വരൂ. ബാക്കി 99 ശതമാനം പേരും ചെറിയ വിജയമുണ്ടാക്കുകയോ പരാജയപ്പെടുകയോ മാത്രം ചെയ്യുന്നു. കാരണം, സ്വന്തം ഉപബോധമനസ്സിന്റെ ശക്തിവിശേഷം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അവർക്കറിവില്ല.
മനസ്സിന്റെ ശക്തി വർദ്ധിപ്പിക്കുന്നതെങ്ങനെ എന്ന അന്വേഷണമാണ് ഡോ. പി. പി. വിജയൻ മനഃശക്തി പരമ്പരയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നാലു പുസ്തകങ്ങൾ. മനഃശക്തി എന്ന വിജയമന്ത്രം, കോടീശ്വരനാകാം മനഃശക്തിയിലൂടെ, മനസ്സ് മാറ്റാം വിജയം നേടാം, ലക്ഷ്യത്തിലേക്ക് പുതിയ മനസ്സുമായി എന്നിവയാണ് ആ പുസ്തകങ്ങൾ.
മനഃശക്തി എന്ന വിജയമന്ത്രം : മനുഷ്യമനസ്സിനെ പ്രപഞ്ചസത്തയിൽ നിന്ന് വേറിട്ട ഒന്നായി കാണുന്നില്ല എന്നതാണ് മനസ്സിനെപ്പറ്റിയുള്ള ഭാരതീയമനഃശാസ്ത്രസിദ്ധാന്തങ്ങളുടെ കാതൽ എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം അതീവശ്രദ്ധേയമാണ്.
മനഃശക്തി കൊണ്ട് ജീവിതത്തിൽ മുന്നേറാനും നേരായമാർഗത്തിലൂടെ ധനസമ്പാദനം നടത്താനുമുള്ള വിവിധ തന്ത്രങ്ങളെക്കുറിച്ചാണ് കോടീശ്വരനാകാം മനഃശക്തിയിലൂടെ എന്ന രണ്ടാമത്തെ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ ധനം സമ്പാദിക്കുകയും അതിലൊരു പങ്ക് സമൂഹത്തിനു തിരിച്ചു നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഗ്രന്ഥകാരൻ എടുത്തുകാട്ടുന്നുണ്ട്. പ്രശസ്തരായ വനിതാ സംരംഭകർ, ഇന്ത്യയിലും കേരളത്തിലും കോടീശ്വരപദവിയിലേക്ക് എത്തിച്ചേർന്നവർ, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഇച്ഛാശക്തിയോടെ പ്രവർത്തിച്ച് ഉയർന്ന ജീവിതവിജയം നേടിയവർ മുതലായവരെക്കുറിച്ചുള്ള കുറിപ്പുകളും ശ്രദ്ധേയരായ ശതകോടീശ്വരന്മാരെക്കുറിച്ചുള്ള കഥകളും ഈ പുസ്തകത്തിലുണ്ട്.
മനസ്സ് റീപ്രോഗ്രാം ചെയ്ത് മനസ്സിലെ ബ്ലൂപ്രിന്റു മാറ്റി വിജയം നേടുന്നതെങ്ങനെയെന്നാണ് മനസ്സ് മാറ്റാം വിജയം നേടാം എന്ന പുസ്തകത്തിൽ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നത്. മനസ്സിന്റെ ഘടന, മനസ്സ് റീപ്രോഗ്രാം ചെയ്യുന്നതെങ്ങനെ, അതിനു സഹായിക്കുന്ന മാനസികപ്രക്രിയകൾ എന്തൊക്കെ എന്നിങ്ങനെയുള്ള വിഷയങ്ങളും റീപ്രോഗ്രാമിംഗിൽ വായനക്കാർക്ക് സഹായകരമായ 237 ദൃഢപ്രതിജ്ഞാവാക്യങ്ങളും ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
ലക്ഷ്യത്തിലേക്ക് പുതിയ മനസ്സുമായി എന്ന നാലാമത്തെ പുസ്തകത്തിൽ ജീവിതവിജയത്തിലേക്കുള്ള പ്രയാണത്തിൽ ശ്രദ്ധിക്കേണ്ട ലക്ഷ്യനിർണയം, വ്യക്തിത്വവിശകലനം, ടൈം മാനേജ്‌മെന്റ് മുതലായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. അതോടൊപ്പം നൽകിയിട്ടുള്ള ഡോപ് ടെസ്റ്റ്, പാഷൻ ടെസ്റ്റ്, ലൈഫ് സൈക്കിൾ ടെസ്റ്റ് മുതലായ ടെസ്റ്റുകൾ വായനക്കാർക്ക് സ്വയം ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാൻ സഹായിക്കും.
ലോകത്തിലെ ഏറ്റവും വലിയ ശക്തിസ്രോതസ്സായ മനസ്സിന്റെ പ്രവർത്തനമെങ്ങനെ നിയന്ത്രിക്കാമെന്ന മാന്വൽ തയാറാക്കലാണ് യഥാർത്ഥ മനഃശക്തി പരിശീലനം എന്ന് ഡോ. വിജയൻ പറയുന്നു. ഈ വിഷയത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യത്തെ പരിശ്രമമാണ് ഈ പുസ്തകങ്ങൾ. അതുകൊണ്ടു തന്നെ ഇവ മനഃശാസ്ത്രചിന്തകന്മാരുടെയും ജീവിതവിജയം കൊതിക്കുന്നവരുടെയും സവിശേഷശ്രദ്ധ ആകർഷിക്കും.
അന്താരാഷ്ട്രപ്രശസ്തനായ മൈൻഡ് പവർ പരിശീലകനായ ഡോ പി. പി. വിജയന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആയിരക്കണക്കിന് മനശക്തിപരിശീലനപരിപാടികൾ നടത്തിയ പരിചയസമ്പത്തുണ്ട്. മനശക്തിയുടെ അനന്തസാദ്ധ്യതകളെപ്പറ്റി ദീർഘനാളായി ഗവേഷണപഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയുമാണ് അദ്ദേഹം. ഈ വിഷയത്തിൽ ഡോ. വിജയന്റെ അറിവും അനുഭവപരിചയവും ഈ ഗ്രന്ഥത്തിന്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. തന്റെ പരിശീലനപരിപാടികളിൽ പങ്കെടുത്തിട്ടുള്ള പലരുടെയും അനുഭവകഥകൾ അദ്ദേഹം സന്ദർഭോചിതമായി ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അതുപോലെ പ്രശസ്തങ്ങളായ ഉദ്ധരണികളും ധാരാളം മോട്ടിവേഷനൽ കഥകളും നാലു പുസ്തകങ്ങളിലും നൽകിയിട്ടുമുണ്ട്. ഇവ വായനക്കാരെ കുറച്ചൊന്നുമല്ല പ്രചോദിപ്പിക്കുന്നത്.
ആത്മീയതയോടടുത്തു നിൽക്കുന്ന ജീവിതവിജയത്തിലേക്കുള്ള റോഡ് മാപ്പാണ് ഈ പുസ്തകങ്ങളെന്നു നിസ്സംശയം പറയാം. മലയാളത്തിലെ മനോവിജ്ഞാനീയശാഖയ്ക്ക് ഇവ വലിയൊരു മുതൽക്കൂട്ടാണ്. (ഫോൺ : 8129377277)