ആക്‌സിസ് ബാങ്ക് കച്ചവടക്കാര്‍ക്കായി ‘ഡിജിറ്റല്‍ ദൂക്കാന്‍’ അവതരിപ്പിച്ചു

Posted on: April 5, 2023

കൊച്ചി: ആക്‌സിസ് ബാങ്ക് കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ‘ഡിജിറ്റല്‍ ദൂക്കാന്‍’ അവതരിപ്പിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്‌മെന്റ്, ബില്ലിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് പിഒഎസ് ആപ്ലിക്കേഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ദൂക്കാന്‍ ആപ്പില്‍ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ ക്യാമറ ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്യാനും അയ്യായിരം രൂപ വരെയുള്ള ടാപ് ആന്റ് പേ സംവിധാനവും ലഭ്യമാക്കും. ഇഎംഐ, ബിക്യൂആര്‍, സോഡെക്‌സോ കാര്‍ഡ് സ്വീകരിക്കല്‍, ബൈ ആന്റ് പേ ലേറ്റര്‍ സംവിധാനം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകും. ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി ഓഫറുകളും ഇളവുകളും അയച്ചു കൊടുക്കാനും ഡിജിറ്റല്‍ ദൂക്കാന്‍ സഹായകമാകും.

കച്ചവടക്കാര്‍ക്ക് ചെലവു കുറക്കാനും താങ്ങാനാവുന്ന രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സഹായിക്കുന്ന സംവിധാനങ്ങള്‍ ഒരുക്കാനാണു തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഡിജിറ്റല്‍ ദൂക്കാന്‍ അവതരിപ്പിക്കാനായി വീസയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്‌ളാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട സംരംഭങ്ങളെ ഡിജിറ്റല്‍ ഇടപാടുകളുമായി ശാക്തീകരിക്കുക എന്നത് ആഗോള തലത്തില്‍ തന്നെ വീസയുടെ രീതിയാണെന്ന് വീസ ഇന്ത്യാ, ദക്ഷിണേന്ത്യാ മര്‍ച്ചന്റ് സെയില്‍സ് ആന്റ് സൊലൂഷന്‍സ് വിഭാഗം മേധാവി ഷൈലേഷ് പോള്‍ പ്രതികരിച്ചു.

 

 

 

TAGS: Axis Bank |