പുതുതലമുറാ പെയ്‌മെന്റ് സംവിധാനമായ വിയര്‍ എന്‍ പേ പുറത്തിറക്കി ആക്‌സിസ് ബാങ്ക്

Posted on: March 11, 2021

കൊച്ചി : സമ്പര്‍ക്കമില്ലാത്ത പെയ്‌മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കിക്കൊണ്ട് ആക്‌സിസ് ബാങ്ക് വിയര്‍ എന്‍ പേ ബ്രാന്‍ഡില്‍ പെയ്‌മെന്റ് ഉപകരണങ്ങള്‍ പുറത്തിറക്കി. വോലെറ്റോ ഫോണോ കയ്യില്‍ കൊണ്ടു നടക്കാതെ പണമിടപാടു നടത്താനാവുന്ന ഉപകരണങ്ങളുടെ ശ്രേണിയാണ് വിയര്‍ എന്‍ പേയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ബാന്‍ഡ്, കീ ചെയിന്‍, വാച്ച് ലൂപ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതും താങ്ങാനാവുന്ന വിലയിലുമാാണ് അവതരിപ്പിച്ചിരിക്കുന്നത്.

മാസ്റ്റര്‍ കാര്‍ഡ് സംവിധാനത്തിലുള്ള ഈ ഉപകരണങ്ങള്‍ രൂപകല്പന ചെയ്തു നിര്‍മിക്കാന്‍ താലീസ് ആന്റ് ടാപി ടെക്‌നോളജീസുമായി ആക്‌സിസ് ബാങ്ക് സഹകരണത്തിലെത്തിയിരുന്നു. നിലവിലുള്ള അക്‌സസറികളുമായി ബന്ധിപ്പിക്കുകയോ ധരിക്കുകയോ ചെയ്ത് സമ്പര്‍ക്ക രഹിത ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താനാവുന്ന പുതിയ നിര ഉപകരണങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യ ബാങ്ക് എന്ന സ്ഥാനമാണ് വിയര്‍ എന്‍ പേ പുറത്തിറക്കിയതിലൂടെ ആക്‌സിസ് ബാങ്കിനു ലഭിച്ചിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്കു താങ്ങാവുന്ന വിധത്തില്‍ 750 രൂപ ഫീസിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്. ധരിക്കാവുന്ന ഈ ഉപകരണങ്ങളെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി നേരിട്ടു ബന്ധിപ്പിക്കുകയും പതിവു ഡെബിറ്റ് കാര്‍ഡു പോലെ പ്രവര്‍ത്തിപ്പിക്കുകയുമാണു ചെയ്യുന്നത്. കോണ്‍ടാക്ട്‌ലെസ് ഇടപാടുകള്‍ നടത്താവുന്ന ഏതു കച്ചവട സ്ഥാപനത്തിലും ഇതുപയോഗിക്കാം. ഫോണ്‍ ബാങ്കിംഗ് വഴിയോ ആക്‌സിസ് ബാങ്കിന്റ ഏതെങ്കിലും ശാഖ വഴിയോ വിയര്‍ എന്‍ പേ ഉപകരണങ്ങള്‍ വാങ്ങാം. ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്ക് വീഡിയോ കെവൈസി വഴി ഓണ്‍ലൈനായോ അടുത്തുള്ള ആക്‌സിസ് ശാഖ സന്ദര്‍ശിച്ച് അക്കൗണ്ട് തുടങ്ങിയോ ഈ സൗകര്യം നേടാം.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സമ്പര്‍ക്ക രഹിത ഇടപാടുകളുടെ കാര്യത്തില്‍ വന്‍ വര്‍ധനവാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. സമ്പര്‍ക്ക രഹത ഇടപാടുകള്‍ സൗകര്യപ്രദവും സുരക്ഷിതവും ബജറ്റിന് ഇണങ്ങിയതുമാക്കുന്നതാണ് തങ്ങളുടെ വിയര്‍ എന്‍ പേ. ഇത് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ മൂല്യമാവും നല്‍കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുമയുള്ളതും സുരക്ഷിതവുമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ താലീസ് എന്നും മുന്നിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ താലീസ് ഇന്ത്യ കണ്‍ട്രി ഡയറക്ടറും വൈസ് പ്രസിഡന്റുമായ ഇമ്മാനുവേല്‍ ഡി റോക്വുഫില്‍ പറഞ്ഞു. ജനങ്ങളുടെ നിത്യജീവിതത്തില്‍ സമ്പര്‍ക്ക രഹിത പണമിടപാടുകള്‍ എത്തിക്കാന്‍ മാസ്റ്റര്‍കാര്‍ഡ് സ്ഥിരമായി നീക്കങ്ങള്‍ നടത്തുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് ദക്ഷിണേഷ്യാ സിഒഒ വികാസ് വര്‍മ പറഞ്ഞു. ഉന്നത സുരക്ഷയും സൗകര്യവും സംയോജിപ്പിച്ചു കൊണ്ടാണ് ആക്‌സിസ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS: Axis Bank | Wear N Pay |