അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം സജീവമാക്കി ആക്‌സിസ് ബാങ്ക്

Posted on: November 4, 2020

കൊച്ചി: ഉപഭോക്താക്കള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉപഭോക്താക്കളുടെ ഡാറ്റ ഡിജിറ്റല്‍ രീതിയില്‍ എളുപ്പത്തില്‍ കൈമാറുന്ന അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനത്തില്‍ ആക്‌സിസ് ബാങ്ക് സജീവമാകുന്നു. സാമ്പത്തിക വിവരദായകര്‍ എന്ന രീതിയിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് സജീവമാകുക.

നിയന്ത്രണ സംവിധാനത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഉപഭോക്താക്കളുടെ സാമ്പത്തിക വിവര ഡാറ്റ സമ്മതത്തോടു കൂടി കൈമാറുക. ഇങ്ങനെ അനുമതി നല്‍കുന്ന വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അവരുടെ ഡാറ്റ പഴയ രീതിയിലെ ഭൗതീക സമ്പര്‍ക്ക കേന്ദ്രങ്ങളില്ലാതെ തന്നെ തല്‍സമയം സുരക്ഷിതമായി നിയന്ത്രണ സംവിധാനങ്ങള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു കൈമാറാനാവും. വിവിധ സ്ഥാപനങ്ങളിലുള്ള ഡാറ്റ ഒരുമിച്ചു കാണാനും അതുവഴി കൂടുതല്‍ മികച്ച രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കും.

ഈ സംവിധാനത്തിലേക്കു കടക്കുന്ന ആദ്യ സ്ഥാപനങ്ങളിലൊന്നാണു തങ്ങളെന്ന് ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗം മേധാവിയുമായ സമീര്‍ ഷെട്ടി ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളില്‍ ബാങ്കിംഗ് രംഗത്തെ മാറ്റിമറിക്കുന്നതായിരിക്കും ഇത്. ഉപഭോക്താക്കള്‍ക്കു വേണ്ടി നവീനമായ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

TAGS: Axis Bank |