വീഡിയോ കെ.വൈ.സി അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

Posted on: May 23, 2020

കൊച്ചി: വീഡിയോ കെ.വൈ.സി ഉള്‍പ്പെടുത്തി അത്യാധുനിക വീഡിയോ ബാങ്കിംഗ് സേവനങ്ങള്‍ വിപുലീകരിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കും ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്കും വീഡിയോ കെ.വൈ.സി സംവിധാനത്തിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ഇനി എളുപ്പമാവും.

പുതിയ അപേക്ഷകര്‍ക്ക് അവരുടെ വീടുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ നേരിട്ട് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. ഉപഭോക്താക്കള്‍ ബാങ്കില്‍ നേരിട്ട് വരികയോ ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യേണ്ടതില്ല.

എസ്എംഎസ്/ഇമെയില്‍ വഴി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉപഭോക്താവിന് വീഡിയോ കെ.വൈ.സി വെബ്പേജിലേക്ക് എത്താം. ഉപഭോക്താവ് നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് അയക്കുന്ന ഒടിപി വഴി പ്രക്രിയ സാധൂകരിക്കും. തുടര്‍ന്ന തത്സമയ വീഡിയോ സെഷനിലൂടെ പാന്‍കാര്‍ഡ്, ഫോട്ടോഗ്രാഫ്, സിഗ്നേച്ചര്‍, ലൊക്കേഷന്‍ തുടങ്ങിയ കെവൈസി വിശദാംശങ്ങള്‍ പ്രതിനിധി ഉപഭോക്താവില്‍ നിന്ന് ശേഖരിക്കും. ഈ രേഖകള്‍ ബാങ്ക് സാധൂകരിച്ച് കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കെ.വൈ.സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും.

സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുന്നതിനായുള്ള വീഡിയോ കെ.വൈ.സി സേവനങ്ങള്‍ക്ക് പുറമേ, രാജ്യത്തെ പ്രമുഖ സാമ്പത്തിക വിപണന കേന്ദ്രമായ ബാങ്ക് ബസാറുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകര്‍ക്കായി സമാനമായ സേവനവും ബാങ്ക് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ രംഗത്തെ തന്നെ ആദ്യ ചുവടുവെയ്പ്പാണിത്. ഉപഭോക്താക്കളുടെ രേഖകള്‍ സാധൂകരിക്കുന്നതിന് വീഡിയോ കെ.വൈ.സി ഉപയോഗിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനങ്ങള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടക്കം കുറിച്ചത്.

TAGS: Indusind Bank |