എന്‍ആര്‍ഐ ബിസിനസില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന് നേട്ടം

Posted on: December 19, 2019

കൊച്ചി : എന്‍ആര്‍ഐ ബിസിനസില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നു ബാങ്കിന്റെ എആര്‍ഐ ബിസിനസ് വിഭാഗം എംഡി നിതിന്‍ ചെങ്കപ്പ പറഞ്ഞു. ഉപയോക്താക്കളുടെ എണ്ണത്തില്‍ 22 ശതമാനം വളര്‍ച്ചയും നിക്ഷേപങ്ങളില്‍ 30 മുതല്‍ 35 ശതമാനം വര്‍ധനയുമാണ് ഉണ്ടായത്. യുഎഇയിലും ബഹ്‌റൈനിലും സര്‍വീസ് ഡെസ്‌കുകള്‍ തുറന്നതു കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കു വലിയ സഹായമായിട്ടുണ്ട്.

പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി നടപ്പാക്കിയ ഹെല്‍ത്ത് പാക്കേജിനു മികച്ച പ്രതികരണമാണ്. പ്രയോറിറ്റി ക്ലൈന്റ് സ്റ്റാറ്റസ് വഴി ലോകത്തെ ഏതു ശാഖയിലും മികച്ച സേവനം ഉപയോക്താവിന് ഉറപ്പാക്കാം. പ്രയോറിറ്റി സ്റ്റാറ്റസുള്ള ഉപയോക്താക്കള്‍ക്കു രേഖകളോ പണമോ മറ്റോ നഷ്ടപ്പെട്ടു. നാട്ടിലേക്കു പോകേണ്ടിവന്നാല്‍ 5000 ഡോളറിന്റെ വായ്പ സൗകര്യവും ബാങ്ക് നല്‍കുന്നുണ്ട്.

നാട്ടിലെത്തിയ ശേഷം തിരികെ അടച്ചാല്‍ മതിയാകും. വിദേശത്തുള്ള ശാഖകളില്‍ നിന്നു നാട്ടിലുള്ള എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്താമെന്നതിനു പുറമെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുള്‍പ്പടെ വൈവിധ്യമാര്‍ന്ന സേവനങ്ങളും ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.