ഇ-ട്രേഡുമായി എസ് വി സി ബാങ്ക്

Posted on: October 29, 2015

SVC-Bank-e-Trade-launch-Big

കൊച്ചി : എസ് വി സി ബാങ്കിന്റെ ത്രീ ഇൻ വൺ ഓൺലൈൻ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടായ എസ് വി സി ഇ-ട്രേഡിന് തുടക്കമായി. സേവിംഗ്‌സ്, ഡീമാറ്റ്, ഓൺലൈൻ ട്രേഡിംഗ് അക്കൗണ്ടുകളുടെ ഗുണമേന്മകൾ സംയോജിപ്പിച്ച് നിക്ഷേപകർക്ക് തടസമില്ലാതെയും എളുപ്പത്തിലും കൈകാര്യം ചെയ്യാനാകും വിധത്തിലാണ് ഇ-ട്രേഡ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ട്രേഡിംഗ് പങ്കാളികളായ ജിയോജിത് ബിഎൻപി പാരിബയുടെയും ഡെപ്പോസിറ്ററി പങ്കാളികളായ സിഡിഎസ്എല്ലിന്റെയും എസ് വി സി ബാങ്കിന്റെയും ഉന്നത എക്‌സിക്യൂട്ടീവുകളുടെ സാന്നിധ്യത്തിൽ മുംബൈയിൽ നടന്ന ചടങ്ങിലാണ് ഓൺലൈൻ ട്രേഡിംഗിന്റെ പ്രഖ്യാപനം ബാങ്ക് നടത്തിയത്.

മൂലധന വിപണിയിലെ പങ്കാളിത്തത്തിലൂടെ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവർക്ക് മൂന്നു തരത്തിലുള്ള അക്കൗണ്ടുകൾ സംയോജിപ്പിച്ച് മികച്ച സേവനം ലഭ്യമാക്കാനാകുന്ന ജാലകമായിരിക്കും എസ് വി സി ഇ ട്രേഡെന്ന് എസ് വി സി ബാങ്ക് വൈസ് ചെയർമാൻ ഉദയകുമാർ ഗുർകർ പറഞ്ഞു.

സ്മാർട് ബാങ്ക് ഫോർ സ്മാർട് പീപ്പിൾ എന്ന മുദ്രാവാക്യവുമായി ഇടപാടുകാർക്ക് ഏറ്റവും പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് എസ് വി സി ഇ-ട്രേഡിലൂടെ വ്യക്തമാക്കുന്നതെന്ന് എസ് വി സി ബാങ്കിന്റെ എംഡി സുഹാസ് സഹകാരി പറഞ്ഞു.

സംയോജിത അക്കൗണ്ടിലൂടെ ഓൺലൈൻ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശാലമായ ലോകം തുറന്ന് ചെറുകിട ഇടപാടുകാരുടെ നിക്ഷേപാവസരങ്ങളെ വിപുലപ്പെടുത്തുന്ന എസ് വി സി ബാങ്കിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജിയോജിത് ബിഎൻപി പാരിബ എക്‌സിക്യൂട്ടീവ് ഡയറക്ടൽ സതീഷ് മേനോൻ പറഞ്ഞു.