കണ്ണൂര്‍ – ബംഗളൂരു, ഡല്‍ഹി വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു

Posted on: May 28, 2020


മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങി. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് രണ്ടിടങ്ങളിലേക്കുമുള്ള സര്‍വീസ്. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഇന്നലെ വൈകുന്നേരം 4.30 നാണ് കണ്ണൂരിലെത്തിയത്. തിരിച്ച് 5.15 ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തി.

ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഇന്നലെ വൈകുന്നേരം 6.40 ന് കണ്ണൂരിലെത്തി. രാത്രി 8.15 നാണ് തിരിച്ച് ഡല്‍ഹിയിലേക്കു പോയത്. ഇന്‍ഡിഗോയുടെ കൊച്ചി, തിരുവനന്തപുരം പ്രതിദിന സര്‍വീസ് രണ്ടുദിവസം മുമ്പ് പുനരാരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചശേഷം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 30 ശതമാനം ആഭ്യന്തര സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് പുനരാരംഭിച്ചത്.