അർക്കിയ കൊച്ചി – ടെൽ അവീവ് സർവീസ് തുടങ്ങി

Posted on: September 29, 2019

കൊച്ചി : ഇസ്രയേലിലെ അർക്കിയ എയർലൈൻസ് കൊച്ചി – ടെൽ അവീവ് വിമാന സർവീസ് തുടങ്ങി. ടെൽ അവീവിൽ നിന്ന് ശനിയാഴ്ച രാവിലെ 10 ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന് സിയാൽ എആർഎഫ്എഫ് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സിയാൽ ആദ്യ അർക്കിയ ഫ്‌ളൈറ്റിലെ യാത്രക്കാരെയും ജീവനക്കാരെയും സ്വീകരിച്ചു.

ഉദ്ഘാടന ഫ്‌ളൈറ്റിൽ 152 യാത്രക്കാരും 20 ജീവനക്കാരുമാണുണ്ടായിരുന്നത്. ആറ് മണിക്കൂറാണ് ടെൽ അവീവിലേക്കുള്ള യാത്രാസമയം. സിയാലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാന സർവീസ് തുടങ്ങുന്നത്.