വോൾവോയുടെ ആദ്യ ഇലക്ട്രിക് ബസ് സർവീസ് തുടങ്ങി

Posted on: May 8, 2015

Volvo-Electric-Bus-big

ബംഗലുരു : വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് ബസ് സ്വീഡനിലെ ഗോത്തൻബെർഗിൽ സർവീസ് തുടങ്ങി. ലിൻഡോൾമെൻ -ചാമേഴ്‌സ് – ജോഹാൻബെർഗ് (റൂട്ട് 55) സെക്ടറിലാണ് മൂന്ന് ഇലക്ട്രിക് ബസുകളും 7 ഇലക്ട്രിക് ഹൈബ്രിഡ് ബസുകളും സർവീസ് നടത്തുന്നത്. ഡീസൽ ബസുകളേക്കാൾ 80 ശതമാനം കുറവ് ഊർജ ഉപയോഗം മാത്രമെ ഇലക്ട്രിക് ബസുകൾക്കുള്ളു.

എളുപ്പം കയറാനും ഇറങ്ങാനും സാധിക്കുന്ന വീതികൂടിയ വാതിലുകൾ, കുട്ടികളുടെ ബഗികളും വീൽചെയറും സൗകര്യപ്രദമായി കയറ്റാവുന്ന നിരപ്പായ ലോ ഫ്‌ലോർ, മൊബൈൽ ചാർജ് ചെയ്യാനുള്ള പവർ സോക്കറ്റുകൾ, ഓൺബോർഡ് വൈ ഫൈ തുടങ്ങിയ സവിശേഷതകളും ഇലക്ട്രിക് ബസുകൾക്കുണ്ട്. 10.7 മീറ്ററാണ് ഇലക്ട്രിക് ബസുകളുടെ നീളം. 86 പേർക്ക് യാത്രചെയ്യാനാകും.

ജൂൺ 8-10 വരെ ഇറ്റലിയിലെ മിലാനിൽ സംഘടിപ്പിക്കുന്ന യുഐടിപി പബ്ലിക് ട്രാൻസ്‌പോർട്ട് ഷോയിൽ വോൾവോ ഇലക്ട്രിക് ബസുകൾ പ്രദർശിപ്പിക്കും.  2017 ൽ മാത്രമെ വാണിജ്യോത്പാദനം ആരംഭിക്കുകയുള്ളു. ഇപ്പോഴത്തെ സർവീസ് സാങ്കേതിക മികവിന്റെ അവസാന മിനുക്കുപണികൾക്കും ഡ്രൈവർമാരുടെ പരിശീലനത്തിനും വേണ്ടിയുള്ളതാണെന്ന് വോൾവോ വക്താവ് ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് ബസുകൾ വോൾവോയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് വോൾവോ ബസസ് പ്രസിഡന്റ് ഹാകാൻ ആഗ് നെവൽ പറഞ്ഞു. കാലാവസ്ഥയെ ഹനിക്കാത്തതും മികച്ച നഗര പരിസ്ഥിതി ഉറപ്പാക്കുന്നതുമായ ഇലക്ട്രിക് ബസുകൾ സന്തോഷകരമായ യാത്രാനുഭവമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.