വി40 ക്രോസ് കൺട്രി പെട്രോൾ മോഡലുമായി വോൾവോ

Posted on: April 20, 2015

Volvo-V40-Cross-Country--Pe

കൊച്ചി : വി 40 ക്രോസ് കൺട്രിയുടെ പെട്രോൾ മോഡൽ വോൾവോ ഓട്ടോ ഇന്ത്യ വിപണിയിലെത്തിച്ചു. 27 ലക്ഷം രൂപയാണ് മുംബൈ എക്‌സ്-ഷോറൂം വില. 2013-ൽ ഇന്ത്യൻ വിപണിയിലെത്തിയ വി40 ക്രോസ് കൺട്രിയുടെ ഡീസൽ മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എല്ലാ ആഡംബര ങ്ങളും ഒത്തിണങ്ങിയിട്ടുള്ള വി 40 പെട്രോൾ മോഡലിൽ ടി 4 എൻജിൻ, 1.6 ജിഡിടിഐ 4 സിലിണ്ടർ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ ഒത്തിണങ്ങിയിട്ടുണ്ട്. 240 എൻഎം ടോർക്കിൽ 180 എച്ച്പി കരുത്ത് പ്രദാനം ചെയ്യുന്നു. ജിഡിടിഐ (ഗ്യാസൊലിൻ ടർബോ ചാർജ്ഡ് ഡയറക്ട് ഇൻജക്ഷൻ) കാറിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയോ ഡ്രൈവിംഗ് സുഖത്തേയോ ബാധിക്കാതെ തന്നെ മികച്ച ഇന്ധന ക്ഷമത ലഭ്യമാക്കുന്നു.

ഡീസൽ മോഡലിന് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് ഇപ്പോൾ പെട്രോൾ മോഡലും അവതരിപ്പിക്കുന്നതെന്ന് വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ തോമസ് ഏൺബർഗ് പറഞ്ഞു. ഡീസലിലും പെട്രോളിലും ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്ന വോൾവോയുടെ ഏക മോഡലാണ് വി 40 ക്രോസ് കൺട്രി. വളരെ കുറഞ്ഞ വിലയ്ക്കാണ് പെട്രോൾ മോഡൽ കമ്പനി നൽകുന്നത്. ഏറ്റവും സുരക്ഷിത കാർ എന്ന വോൾവോയുടെ വാഗ്ദാനം ഇവിടെയും പാലിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോ എൻസിഎപി കൊലീഷൻ ടെസ്റ്റിൽ ഏറ്റവും ഉയർന്ന ഫൈവ് സ്റ്റാർ റേറ്റിംഗ് നേടാൻ വി40 ക്രോസ് കൺട്രി പെട്രോൾ മോഡലിന് കഴിഞ്ഞു.

മോണിറ്ററുകളിലും ടെലിവിഷനുകളിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള തിൻ ഫിലിം ട്രാൻസിസ്റ്റർ സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് പവർ അസിസ്റ്റൻസ് സ്റ്റീയറിംഗ്, പാർക് അസിസ്റ്റൻസ് ക്യാമറ, സ്റ്റാർട് – സ്‌റ്റോപ് ടെക്‌നോളജി, എൻജിൻ േ്രബക് എനർജി റീജെനറേഷൻ, പഴ്‌സണൽ കാർ കമ്മ്യൂണിക്കേറ്റർ, ലോകോത്തര ഓഡിയോ സംവിധാനം, ഇന്റീരിയർ എയർ ക്വാളിറ്റി സിസ്റ്റം, ലേസർ അസിസ്റ്റഡ് ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ഡൈനാമിക് സ്റ്റെബിലിറ്റി ആൻഡ് ട്രാക്ഷൻ കൺട്രോൾ, ഇന്റലിജന്റ് ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ സിസ്റ്റം, സേഫ്ടി കേജ് തുടങ്ങിയ നിരവധി സവിശേഷതകൾ വി 40 ക്രോസ് കൺട്രിയിലുണ്ട്.