ഹോണ്ട പുതിയ 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി

Posted on: August 30, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് ഫൈറ്ററായി രൂപപ്പെടുത്തിയ പുതിയ ഹോര്‍നെറ്റ് 2.0യില്‍ നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഗ്രാഫിക്സും ബള്‍ക്കി ടാങ്കുമുള്ള മസ്‌കുലര്‍ ഡിസൈനാണ് പുതിയ മോഡലിന്. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി വിങ്കേഴ്സ്, എക്സ് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, പ്രീമിയം ഷോര്‍ട്ട് മഫു, അലോയ് വീലുകള്‍, സ്പ്ലിറ്റ് സീറ്റ് എന്നിവ ഹോര്‍നെറ്റ് 2.0ന്റെ സ്പോര്‍ട്ടി രൂപത്തെ കൂടുതല്‍ വിസ്തൃതമാക്കുന്നു.

ശക്തമായ 184.40സിസി, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിനാണ് 2023 ഹോര്‍നെറ്റ് 2.0ന്. ഇത് 12.70 കി.വാട്ട് പവറും, 15.9 എന്‍.എം ടോര്‍ക്കും നല്‍കും. സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കും റൈഡറുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പുതിയ അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുണ്ട്. 200 സിസിയില്‍ താഴെയുള്ള വിഭാഗത്തില്‍ ആദ്യമായി അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്കും 2023 ഹോര്‍നെറ്റ് 2.0ല്‍ വരുന്നു. വിപുലമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലാണ് മറ്റൊരു സവിശേഷത. ഡ്യുവല്‍, പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍ ചാനല്‍ എബിഎസ്, മോണോ ഷോക്ക് പിന്‍ സസ്പെന്‍ഷന്‍, പിരിമുറുക്കമില്ലാത്ത റൈഡിംഗ് പോസ്ചര്‍, വീതിയേറിയ ട്യൂബ്ലെസ് ടയറുകള്‍, എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് ലൈറ്റുകള്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകളും സുഗമമവും സുരക്ഷിതവുമായ റൈഡിങ് ഉറപ്പാക്കുന്നു.

ഹോണ്ടയുടെ 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) എച്ച്എംഎസ്ഐ വാഗ്ദാനം ചെയ്യുന്നു. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളില്‍ വരുന്ന ഹോര്‍നെറ്റ് 2.0 ഒബിഡി2 ഡബിള്‍ ഡിസ്‌ക് വേരിയന്റിന് 1,39,000 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.

സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉത്പന്ന നിരയെ നവീകരിക്കുന്നതില്‍ എച്ച്എംഎസ്ഐ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. 2020ല്‍ ലോഞ്ച് ചെയ്തത് മുതല്‍ ഹോര്‍നെറ്റ് 2.0ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഇത് വിപണിയില്‍ അതിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഹോര്‍നെറ്റ് 2.0 അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.