ജാവ യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു

Posted on: August 27, 2022

കൊച്ചി : ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി അവതരിപ്പിച്ചു. ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്. റോഡ്സ്റ്റര്‍ ബ്ലാക്ക്, റോഡ്സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറങ്ങള്‍ ലഭ്യമാവും. രണ്ട് നിറങ്ങളും ഇന്ധന ടാങ്കില്‍ ഗ്ലോസ് ഫിനിഷും, വാഹനത്തിലുടനീളം ഒബ്‌സിഡിയന്‍ ബ്ലാക്ക് തീമും നല്കും. ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് പുതിയ യെസ്ഡി റോഡ്സ്റ്റര് ജോഡിക്ക് നല്കിയിരിക്കുന്നത്.

334 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് റോഡ്സ്റ്ററിന് കരുത്തേകുന്നത്. 7,300 ആര്‍പിഎമ്മില്‍ പരമാവധി 29.7 പവര്‍ ഔട്ട്പുട്ടും 6,500 ആര്‍പിഎമ്മില്‍ 29 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. ഇത് നഗരങ്ങളിലും പ്രധാന പാതകളിലും മികച്ച പ്രകടനം ഉറപ്പാക്കും. സുഗമമായ ഷിഫ്റ്റുകള്ക്കായി ഒരു സ്റ്റാന്‍ഡേര്‍ഡ് അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള ആറ് സ്പീഡ് ട്രാന്‍സ്മിഷനും എഞ്ചിനുമായി സംയോജിപ്പിച്ചിട്ടുണ്ട്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില് 240 എംഎം ഡിസ്‌ക്കുമാണ് മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. കൂടാതെ ഡ്യൂവല്‍ ചാനല്‍ എബിഎസും സജ്ജീകരിച്ചിട്ടുണ്ട്. സുഖപ്രദമായ സ്പ്ലിറ്റ് സീറ്റുകള്‍ , ഒതുക്കമുള്ള എല്ഇഡി ഹെഡ്‌ലാമ്പ്, ടേണ്‍ സിഗ്‌നല്‍, മൊത്തത്തിലുള്ള രൂപകല്പനക്ക് ദൃഢത നല്കാന്‍ ഇറുകിയ എഞ്ചിന്‍ ഏരിയ, ഉയര്‍ന്ന കോണ്ട്രാസ്റ്റ് ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.

കൂടുതല്‍ വാഹനപ്രേമികളെ ഞങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ യെസ്ഡി റോഡ്സ്റ്റര്‍ ഒരു അസാമാന്യ വിജയമാണെന്ന് റോഡ്സ്റ്റര്‍ ശ്രേണിയിലേക്കുള്ള രണ്ട് പുതിയ മോഡലുകളെ അവതരിപ്പിച്ച് സംസാരിക്കവേ ക്ലാസിക് ലെജന്റ്‌സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. അവതരണം മുതല്‍ ഞങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഇത്, രാജ്യത്തുടനീളമുള്ള റൈഡര്‍മാര്‍ക്ക് മികച്ച യാത്രാനുഭവം നല്കിയിട്ടുണ്ട്. പുതിയ നിറങ്ങള്‍ ഞങ്ങളുടെ റോഡ്സ്റ്റര്‍ ശ്രേണിയിലേക്ക് പുതിയ ഊര്‍ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 2,01,142 രൂപയാണ് ഡല്ഹി എക്‌സ്‌ഷോറൂം വില. റോഡ്സ്റ്ററിനൊപ്പം അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ എന്നീ മോഡലുകളും യെസ്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

TAGS: Yezdi Roadster |