റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഇപ്പോള്‍ കേരളത്തില്‍

Posted on: August 18, 2022

കൊച്ചി : പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 കേരളത്തില്‍ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടര്‍ 350 എന്ന ശക്തവും ചടുലവുമായ മോട്ടോര്‍സൈക്കിള്‍, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. നഗര -ഗ്രാമ വീഥികളില്‍ ഒരു പോലെ ആയാസരഹിതമായ റൈഡ് വാഗ്ദാനം ചെയ്യുന്ന ഹണ്ടര്‍ 350 പുതുമയോടൊപ്പം റോയല്‍ എന്‍ഫീല്‍ഡിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

റോഡ്സ്റ്റര്‍ സെഗ്മെന്റില്‍ ഉപഭോക്തൃ പരിഗണനയുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന വളര്‍ച്ചാ വിപണികളിലൊന്നായി കേരളം തുടരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ സംസ്ഥാനത്ത് ശക്തമായ ഒരു റൈഡിംഗ് കമ്മ്യൂണിറ്റിയെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇടത്തരം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ (>250 സി സി -750 സി സി ) ഗണ്യമായ വിപണി സാന്നിധ്യം ഉറപ്പി ചെയ്തിട്ടുണ്ട്. ഹണ്ടര്‍ 350 സംസ്ഥാനത്ത് റോയല്‍ എന്‍ഫീല്‍ഡിന് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 കേരളത്തിലെ എല്ലാ 126 ടച്ച് പോയിന്റുകളിലും ലഭ്യമാകും.

”റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കളുമായി അടുത്തിടപഴകുന്നതു വഴി അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഞങ്ങള്‍ നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളുകളെ രൂപപ്പെടുത്തുവാന്‍ ഉതകുന്നു. അവര്‍ക്ക് പുതിയ അനുഭവങ്ങളും പുതിയ ഫോര്‍മാറ്റുകളും സൃഷ്ടിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ വിവിധ മോഡലുകളെ വളരെ ഇഷ്ടത്തോടെ സമീപിക്കുന്ന ഉപഭോക്താക്കളില്‍ ഒരു വിഭാഗം പേര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വാഹനമാകും ഹണ്ടര്‍ 350. ശുദ്ധമായ മോട്ടോര്‍ സൈക്കിളിങ് അനുഭവം ഏറെ സ്‌റ്റൈലിഷ് ആയി ഉപഭോക്താക്കള്‍ക്കു മുന്നില്‍ എത്തിക്കുകയാണ് ഹണ്ടര്‍ 350, എന്ന് റോയല്‍ എന്‍ഫീല്‍ഡ് സി ഇ ഒ, ബി. ഗോവിന്ദരാജന്‍ അഭിപ്രായപ്പെട്ടു.

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയില്‍ ഏറെ വ്യത്യസ്തമായ ഹണ്ടര്‍ 350 , പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള 350 സിസി ജെ സീരീസ് പ്ലാറ്റഫോമിലാണ് നിര്‍മിച്ചിട്ടുള്ളത് .ഒപ്പം ഹാരിസ് പെര്‍ഫോമന്‍സ് ഷാസി, ഹണ്ടര്‍ 350 ക്ക് ആയാസരഹിതവും അസാമാന്യവുമായ റൈഡിങ് കഴിവുകളാണ് സമ്മാനിക്കുന്നത്.

ഒട്ടനവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണ് ഹണ്ടര്‍ 350.വലിയ നഗരങ്ങളുടെ വാഹനമായി ഇതിനെ കാണുന്നു. ഭാരക്കുറവും, മികച്ച നിര്‍മ്മാണ ശൈലിയും, ചെറിയ വീല്‍ ബേസും ഒക്കെത്തന്നെ നഗര പാതകളിലെ റൈഡിന് ഹണ്ടര്‍ 350 യെ കൂടുതല്‍ സജ്ജമാക്കുന്നു. കേരളത്തില്‍, ഹണ്ടര്‍ 350 എന്ന ഈ റോഡ്സ്റ്റര്‍ ഞങ്ങളുടെ മോട്ടോര്‍സൈക്കിളിന്റെ ലോകത്തേക്ക് പുതിയ ഉപഭോക്താക്കളെ കൊണ്ടുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ബിസിനസ് മേധാവിയായ വി ജയപ്രദീപ് പറഞ്ഞു.

റെട്രോ ഹണ്ടര്‍, മെട്രോ ഹണ്ടര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത എഡിഷനുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 അവതരിപ്പിക്കുന്നത്. റെട്രോ ഹണ്ടര്‍ 17 ഇഞ്ച് സ്‌പോക്ക് വീലുകള്‍, 300 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രെക്ക്, 6 ഇഞ്ച് റിയര്‍ ഡ്രം ബ്രെക്ക് , റെട്രോ സ്‌റ്റൈലില്‍ ഉള്ള ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയോടെ എത്തുമ്പോള്‍, പുതുയുഗ സൗകര്യങ്ങള്‍ വിളിച്ചോതിയാണ് മെട്രോ ഹണ്ടര്‍ വരുന്നത്. കാസ്റ്റ് അലോയ് വീലുകള്‍, വിശാലമായ ട്യൂബ് ലെസ്സ് ടയറുകള്‍, വൃത്താകൃതിയിലുള്ള പിന്‍ഭാഗ ലൈറ്റുകള്‍ എന്നിവ മെട്രോ ഹണ്ടറിനെ വ്യത്യസ്തമാക്കുന്നു. മെട്രോ ഹണ്ടറിന്റെ രണ്ടു പതിപ്പുകള്‍ അഞ്ചോളം നിറങ്ങളിലാണ് അവതരിപ്പിക്കുന്നത്. കൂടാതെ, 300 എംഎം ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്ക്, 270 എംഎം റിയര്‍ ഡിസ്‌ക്ക് ബ്രേക്ക്, ഡ്യൂവല്‍ ചാനല്‍ എ ബി എസ്, എല്‍ ഇ ഡി ടെയില്‍ ലാംപ്, മുന്‍ നിര ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ്റ് ക്ലസ്റ്റര്‍ , യു എസ് ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങി നവയുഗ സവിശേഷതകളും മെട്രോ ഹണ്ടറിനു സ്വന്തം.

കൂടുതല്‍ ആനന്ദദായകവും, ഭാരം കുറഞ്ഞതും, ഏറെ ചടുലവുമായ ഒരു റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍ ചെയ്യുക എന്നത് സ്വാഭാവികമായ കാര്യമായിരുന്നു. യുവത്വം ഉദ്ഘോഷിക്കുന്ന, ആനന്ദവേളകള്‍ ആസ്വദിക്കുന്ന ചെറുപ്പമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന ഹണ്ടര്‍ 350 മുന്നില്‍ നിര്‍ത്തുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഡിസൈന്‍ മേധാവി മാര്‍ക്ക് വെല്‍സ് പറഞ്ഞു. ഇന്ത്യയിലെയും യു കെയിലെയും റോയല്‍ എന്‍ഫീല്‍ഡ് ടെക്‌നോളജി കേന്ദ്രങ്ങളിലെ മികവുറ്റ ഡിസൈനര്‍മാരും എഞ്ചിനിയര്‍മാരുമാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ രൂപകല്പന ചെയ്തത്.

യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടുള്ള ഹണ്ടര്‍ 350 കേരളത്തില്‍ ടെസ്റ്റ് റൈഡിനും ബുക്കിംഗിനും ഇപ്പോള്‍ ലഭ്യമാണ്. പുതിയ ഹണ്ടര്‍ 350 ഫാക്ടറി സീരീസിന് 1,49,900 രൂപ, ഡാപ്പര്‍ സീരീസിന് 1,63,900 രൂപ, റിബല്‍ സീരീസിന് 1,67,105 രൂപ (എക്‌സ്-ഷോറൂം, കേരളം) എന്നിങ്ങനെയാണ്. റിബല്‍ ബ്ലൂ, റിബല്‍ റെഡ്, റിബല്‍ ബ്ലാക്ക്, ഡാപ്പര്‍ ആഷ്, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ, ഫാക്ടറി ബ്ലാക്ക്, ഫാക്ടറി സില്‍വര്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.