ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും കയറ്റുമതി ആരംഭിച്ച് ഹോണ്ട

Posted on: July 28, 2022

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഓഷ്യാനിയ മേഖലയിലേക്കും സാന്നിധ്യം വര്‍ധിപ്പിക്കുന്നു. തങ്ങളുടെ 125 സിസി മോട്ടോര്‍സൈക്കിളായ ‘എസ്പി125’ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ലോകോത്തര നിര്‍മ്മാണ ശേഷികള്‍ പ്രയോജനപ്പെടുത്തി നിലവില്‍ ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഹോണ്ട കയറ്റുമതി ചെയ്യുന്നുണ്ട്.

പൂര്‍ണമായി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങള്‍ സിബി 125 എഫ് എന്ന പേരിലായിരിക്കും വില്ക്കുക. 2022 ജൂലൈ മുതല്‍ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും എസ്പി 125 ന്റെ 250 യൂണിറ്റുകള്‍ ഹോണ്ട കയറ്റുമതി ചെയ്തിട്ടുണ്ട്.

ഹോണ്ട ഇന്ത്യ പുറത്തിറക്കിയ ആദ്യത്തെ ബിഎസ് 6 മോട്ടോര്‍സൈക്കിളാണ് എസ്പി 125. നിരവധി സെഗ്മെന്റ്-ഫസ്റ്റ് ടെക്‌നോളജി ഫീച്ചറുകളുള്ള സ്‌കൂട്ടര്‍ രാജസ്ഥാനിലെ അല്‍വാറിലെ തപുകര പ്ലാന്റിലാണ് നിര്‍മിക്കുന്നത്. 2001ല്‍ ആദ്യ മോഡലായ ആക്ടിവയുമായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിച്ച ഹോണ്ടനിലവില്‍ 19 ഇരുചക്രവാഹന മോഡലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വിദേശ വിപണിയില്‍ കമ്പനിക്ക് 30 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.

ഇന്ത്യയിലെ ഉത്പാദന ശേഷി വിപുലീകരിക്കാനുള്ള ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ദീര്‍ഘകാല പദ്ധതികളിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഇതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.