ഐക്യൂബിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ 80 യൂണിറ്റുകള്‍ ഒരുമിച്ച് കൈമാറി ടിവിഎസ്

Posted on: July 1, 2022

കൊച്ചി : ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ നവീകരിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകള്‍ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി.

ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍വരെ റേഞ്ചു ലഭിക്കുന്ന ഐ ക്യൂബിന്റെ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ വിതരണം ചെയ്തത്. ടിവിഎസ് ഐക്യൂബ്ും ടിവിഎസ് ഐക്യൂബ് എസും. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്.

ടിവിഎസ് മോട്ടോര്‍ പ്രത്യേകമായി രൂപകല്പ്പന ചെയ്ത 3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, എച്ച്എംഐ കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്റെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

ഈ വര്‍ഷമാദ്യമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്ക് ശ്രേണിക്ക് കമ്പനി തുടക്കമിട്ടത്. ഇതുവരെ മൂന്നു വകഭേദങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു. മുന്തിയ വകഭേദമായ ടിവിഎസ് ഐക്യൂബ് എസ്ടിയുടെ ബാറ്ററി 5.1 കിലോവാട്ട് പായ്ക്കാണ്. ഒറ്റച്ചാര്‍ജില്‍ ഇതിന്റെ റേഞ്ച് 140 കിലോമീറ്റര്‍ ആണ്.

ഇപ്പോള്‍ മൂന്നു വകഭേദങ്ങളിലായി 11 നിറങ്ങളില്‍ മൂന്നു ചാര്‍ജിംഗ് ഓപ്ഷനുകളോടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാണ്.