കേരളത്തിലെ ആദ്യത്തെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ് ആലപ്പുഴയില്‍

Posted on: May 27, 2022

ആലപ്പുഴ : കേരളത്തിലെ ആദ്യ സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സൗത്ത് ബയോടെക് ആണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍. പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്,ശ്രീജിത്ത് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളത്തിലെ മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനയ്ക്ക് വിധേയമാകേണ്ട അയ്യായിരത്തോളം സിഎന്‍ജി വാഹനങ്ങള്‍ക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.

സിഎന്‍ജി സിലിണ്ടറുകളുടെ ചോര്‍ച്ച, ഘടനാപരമായ പിഴവുകള്‍, ഈട്, തുരുമ്പെടുക്കല്‍ തുടങ്ങിയവ പരിശോധിക്കാന്‍ കൂടുതല്‍ പ്രായോഗികമായ നടപടിക്രമമാണ് ഹൈഡ്രോ ടെസ്റ്റിംഗ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് 8451: 200, ഗ്യാസ് സിലിണ്ടര്‍ ചട്ടം, 2004 എന്നിവ പ്രകാരം, എല്ലാ സിഎന്‍ജി വാഹനങ്ങള്‍ക്കും മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഹൈഡ്രോ ടെസ്റ്റ് നടത്തുക നിര്‍ബന്ധമാണ്. പരിശോധനയ്ക്ക് ശേഷം, വാഹന ഉടമകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പിന്നീട് സിഎന്‍ജി സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഹാജരാക്കുകയും വേണം.

നിലവില്‍ ഹൈഡ്രോ ടെസ്റ്റിംഗ് നടത്തേണ്ട സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം ഹൈദരാബാദിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇവ പരിശോധന പൂര്‍ത്തിയാക്കി തിരിച്ച് ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. സൗത്ത് ബയോടെകിന്റെ പരിശോധനാ കേന്ദ്രം കേരളത്തില്‍ തുറന്നതോടെ, ഈ കാലതാമസത്തിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കുമാണ് പരിഹാരമാകുന്നത്. വാഹന ഉടമകള്‍ക്ക് അവരുടെ സിലിണ്ടറുകള്‍ ഒറ്റ ദിവസം കൊണ്ട് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ചെലവ് പകുതിയായി കുറയുകയും ചെയ്യുന്നു.

മുരളി ദുധാല്‍ക്കറുടെ നേതൃത്വത്തിലുള്ള സൗത്ത് ബയോടെക്, ഇരുപത് വര്‍ഷത്തിലേറെയായി പൂനെയിലും മുംബൈയിലും സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിംഗ്, റിട്രോഫിറ്റിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതിനകം മികച്ച സേവനം ലഭ്യമാക്കി കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിംഗ് പ്ലാന്റ് സ്ഥാപിക്കാനായത് ഏറെ സന്തോഷമുള്ള കാര്യമെന്ന് എജി ആന്‍ഡ് പി പ്രഥം റീജിയണല്‍ ഹെഡ് രഞ്ജിത് രാമകൃഷ്ണന്‍ പറഞ്ഞു. പ്ലാന്റ് കേരളത്തിലുടനീളമുള്ള സിഎന്‍ജി വാഹനങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാവിയില്‍ കൂടുതല്‍ ആളുകള്‍ സിഎന്‍ജിയിലേക്ക് വഴിമാറാന്‍ ഇത് പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയിലെ 6 സിന്‍ജി സ്റ്റേഷന്‍സ് ഉള്‍പ്പടെ നിലവില്‍ 10 എ ജി & പി പ്രഥം (AG&P Pratham) സിന്‍ജി സ്റ്റേഷന്‍സ് ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിലായി പ്രവര്‍ത്തിക്കുന്നു ഇത് കൂടാതെ ഈ വര്‍ഷം അവസാനത്തോടെ 45 സിഎന്‍ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും രഞ്ജിത് രാമകൃഷ്ണന്‍ അറിയിച്ചു.

ഇന്ത്യന്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വ്യവസായത്തില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ് എജി ആന്‍ഡ് പി പ്രഥം പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള, പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് 12 സിജിഡി ലൈസന്‍സുകള്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി മുപ്പത്തി നാല് ജില്ലകളില്‍ നിത്യോപയോഗത്തിനുള്ള പൃകൃതി വാതകത്തിന്റെ വിതരണണത്തിന് അനുമതി നല്‍കിയിട്ടുള്ളതാണ് ഈ ലൈസന്‍സുകള്‍. ആയിരത്തി അഞ്ഞൂറിലധികം സിഎന്‍ജി സ്റ്റേഷനുകളും, 278,000 ചതുരശ്ര കിലോമീറ്റര്‍ ഭൂ വിസ്തൃതിയും, 17,000 കിലോമീറ്റര്‍ പൈപ്പ് ലൈനുകളും ഉള്‍ക്കൊള്ളുന്നതാണ് ഈ സിജിഡി നെറ്റ്വര്‍ക്കുകള്‍.