ടാറ്റയുടെ പുതിയ സഫാരിയെത്തി വില 14.69 ലക്ഷം രൂപ മുതല്‍

Posted on: February 23, 2021

കൊച്ചി: സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് പുതിയ സഫാരി വിപണിയില്‍ അവതരിപ്പിച്ചു. 14.69 ലക്ഷം മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് പുതിയ സഫാരി എസ്.യു.വി.യുടെ വില.

രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിനിലെത്തുന്ന പുതിയ സഫാരി മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ആറു സീറ്റിന്റെയും ഏഴു സീറ്റിന്റെയും ഓപ്ഷനുകളുണ്ട്. ലാന്‍ഡ് റോവറിന്റേതിന് സമാനമായ ഡി8 പ്ലാറ്റ്ഫോമിലാണ് സഫാരി നിര്‍മിച്ചിരിക്കുന്നത്.

1998-ലാണ് ടാറ്റാ മോട്ടോഴ്സ് ആദ്യമായി സഫാരി അവതരിപ്പിച്ചത്. പിന്നീട് നിര്‍ത്തിയ ഈ മോഡലിന്റെ പുതിയ അവതാരമാണിത്. സഫാരിക്കു പുറമെ സിയാറ, എസ്റ്റേറ്റ്, ഇന്‍ഡിക, നാനോ തുടങ്ങിയ ഐതിഹാസികമായ ഒട്ടേറെ മോഡലുകള്‍ മുമ്പ് അവതരിപ്പിച്ചിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.