ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റിന് തറക്കല്ലിട്ടു

Posted on: February 22, 2021

മട്ടന്നൂര്‍ : കീഴല്ലൂരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റിന് തറക്കല്ലിട്ടു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീപ്രവറ്റ് ലിമിറ്റഡ് കമ്പനിയും ചേര്‍ന്നാണ് കീഴല്ലൂര്‍ പഞ്ചായത്തില്‍ വ്യവസായ സംരംഭം തുടങ്ങുന്നത്. ചാലോട് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ തറക്കല്ലിട്ടു. ദുരിതകാലത്തെ അതിജീവിച്ച് ഓട്ടോ നിര്‍മാണത്തിലുടെ തിരിച്ചുവന്ന കെ എ എല്‍ ഇ സ്‌കൂട്ടറിലൂടെ വാഹന നിര്‍മാണ രംഗത്ത് സജീവമാവുകയാണെന്ന് മന്ത്രി പറഞ്ഞു.

കെ എ എല്‍ ചെയര്‍മാന്‍ കരമനഹരി അധ്യക്ഷത വഹിച്ചു. കെഎഎല്‍ എംഡി കെ. ഷാജഹാന്‍, ലോര്‍ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സച്ചിദാനന്ദഉപാധ്യായ, അസോസിയേറ്റ് ഡയരക്ടര്‍ വിവേക് ദീക്ഷിത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രതീഷ്, കെ.വി. ഷീജ, എം.രാജന്‍, കെ.എം. വിജയന്‍, സി.സജീവന്‍, കെഎഎല്‍ ഡയരക്ടര്‍ സത്യചന്ദ്രന്‍, മുഹമ്മദ് റാഫിഎന്നിവര്‍ പ്രസംഗിച്ചു.

മൂന്നു മോഡലുകളിലുള്ള സ്‌കൂട്ടറുകളാണ് ആദ്യഘട്ടത്തില്‍ കമ്പനി നിര്‍മിക്കുക. 46000, 52000, 58000 രൂപയാണ് ഇവയുടെ വിപണന വില. കേരള ഓട്ടോമൊബൈല്‍സ്ലിമിറ്റഡിന് 26 ശതമാനം ഓഹരിയും ലോര്‍ഡ്‌സിന് 74ശതമാനം ഓഹരിയുമാണ് ഉണ്ടായിരിക്കുക. 71 പേര്‍ക്ക് നേരിട്ടും അമ്പതിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

ചാലോട് പനയത്താംപറമ്പില്‍ ആരംഭിച്ച നിര്‍മാണ യൂണിറ്റ് വെള്ളിയാംപറമ്പിലെ കിന്‍ഫ്ര വ്യവസായപാര്‍ക്കില്‍ കെട്ടിടം സജ്ജമാകുന്നതോടെ അവിടേക്ക് മാറ്റും.

TAGS: KAL E-AUTO |