‘ഹിറ്റോ’ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Posted on: February 19, 2021

തൃശ്ശൂര്‍: ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ അഞ്ചാമത് സംരംഭമായ ഇലക്ട്രിക് ഓട്ടോയുടെ നിര്‍മാണ യൂണിറ്റ് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോടശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഹൈക്കോണ്‍ ഇന്ത്യ കമ്പനി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഒരൊറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഹൈക്കോണ്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷയായ ‘ഹിറ്റോ’യുടെ നിര്‍മാണ യൂണിറ്റാണ് തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ടി.എം.എ. പ്രസിഡന്റ് ഡോ. വി.എം. സേവ്യര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, അതിരപ്പിള്ളി ജില്ലാപഞ്ചായത്തംഗം ജെനീഷ് പി. ജോസ്, കോടശ്ശേരി പഞ്ചായത്തംഗം ദീപ പോളി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ലിജോ ജോണ്‍, ആര്‍. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.