മട്ടന്നൂരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ്

Posted on: February 13, 2021

മട്ടന്നൂര്‍ : മട്ടന്നൂരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേര്‍ന്നാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ മിനി വ്യവസായ പാര്‍ക്ക് കേന്ദ്രീകരിച്ച് സംരംഭം തുടങ്ങുന്നത്. ഈ വര്‍ഷംതന്നെ സ്‌കൂട്ടര്‍ നിര്‍മാണ കമ്പനി ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.

തുടക്കത്തില്‍ മൂന്നു മോഡലുകളിലുള്ള സ്‌കൂട്ടറുകളാണ് കമ്പനി നിര്‍മിക്കുക. 46,000 രൂപ, 52,000 രൂപ, 58,000 രൂപ എന്നിങ്ങനെയായിരിക്കും ഇവയുടെ വിപണനവില. കമ്പനിയില്‍ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് 26 ശതമാനം ഓഹരിയും ലോര്‍ഡ്‌സിന് 74 ശതമാനം ഓഹരിയുമാണ് ഉണ്ടായിരിക്കുക. കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നതോടെ നേരിട്ട് 71 പേര്‍ക്കും പരോക്ഷമായി 50ലധികം പേര്‍ക്കും തൊഴില്‍ ലഭിക്കും. 11.94 കോടി രൂപ ചെലവിട്ടാണ് ഈ സ്‌കൂട്ടര്‍ നിര്‍മാണ ഫാക്ടറി തുടങ്ങുന്നത്.

ഇന്ധനവില നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കിലോമീറ്ററിന് 50 പൈസയില്‍ താഴെ മാത്രം ചെലവ് വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഭാവിയില്‍ വലിയ സാധ്യതകളാണുള്ളത്.

കേരള ഓട്ടോമൊബൈല്‍ സ്‌ലിമിറ്റഡ് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന നീംജി ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷയ്ക്ക് വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. നീംജി ഇലക്ട്രിക്കല്‍ ഓട്ടോറിക്ഷ നേപ്പാളിലേക്കു കയറ്റുമതിചെയ്യുന്നുണ്ട്.