കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇലക്ട്രിക് കാർ സർവീസ്

Posted on: August 27, 2020

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇലക്ട്രിക് കാര്‍ സര്‍വീസ് തുടങ്ങി. കാറിന്റെ ഫ്‌ളാഗ് ഓഫ് കിയാല്‍ എംഡി വി. തുളസീദാസ് നിര്‍വഹിച്ചു. വിമാനത്താവളത്തില്‍ പ്രീ-പെയ്ഡ് ടാക്‌സി സര്‍വീസ് ഏറ്റെടുത്ത കാലിക്കട്ട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് യാത്രക്കാര്‍ക്കായി ഇലക്ട്രിക് കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ഇലക്ട്രിക് കാറുകളാണ് വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങിയത്. പിന്നീട് കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഒരു ചാര്‍ജിംഗില്‍ 180 കിലോമീറ്റര്‍ മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിക്കുക.

നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശേരി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിംഗ് സ്റ്റേഷന്‍ വരുന്നതോടെ കാറുകളുടെഎണ്ണം വര്‍ധിപ്പിക്കും.

വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണിക്കഷണന്‍, സിടി ആന്‍ഡ് ടി കമ്പനി എംഡി ഷൈജുനമ്പറോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.