പൈന്‍ ലാബ്‌സുമായി ഹോണ്ട ടുവീലേഴ്‌സിന് പങ്കാളിത്തം

Posted on: February 15, 2020

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ ഏഷ്യയിലെ മുന്‍നിര മര്‍ച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈന്‍ ലാബ്‌സുമായി ധാരണാ പത്രം ഒപ്പു വെച്ചു. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ പുതിയ പൈന്‍ ലാബ്‌സ് പിഒഎസ് മെഷ്യനുകള്‍ വഴി ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യപ്രദമായ പ്രതിമാസ തവണകളിലൂടെ (ഇഎംഐ) വാങ്ങലുകള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.

14 ക്രെഡിറ്റ് കാര്‍ഡുകളുടേയും ആറ് ഡെബിറ്റ് കാര്‍ഡുകളുടേയും ഉടമകള്‍ക്ക് സൗകര്യം ലഭിക്കുന്ന പുതിയ ധാരണാ പത്രത്തില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേറിയയും പൈന്‍ ലാബ്‌സ് ചീഫ് പ്രൊഡക്ട്് ഓഫിസര്‍ വെങ്കട്ട് പരുചൂരിയും ചേര്‍ന്നാണ് ഒപ്പു വെച്ചത്.

സാധാരണയായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ രണ്ടു ചെലവുകള്‍ ഉണ്ടാകും – ഡൗണ്‍പേമെന്റും ഹൈപ്പോത്തിക്കേഷനും. ഇതിനു പുറമെ വാങ്ങുമ്പോള്‍ ഉപഭോക്താവ് ബാങ്കില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. പിന്നീട് രജിസ്റ്ററിങ് അതോറിറ്റിയില്‍ നിന്നു ഹൈപോത്തിക്കേഷന്‍ റദ്ദാക്കാനുള്ള തുകയും അടക്കണം.

പൈന്‍ ലാബ്‌സുമായുള്ള പുതിയ ധാരണാ പത്രം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സീറോ- ഡൗണ്‍പേമെന്റ,് ഡോക്യുമെന്റേഷനും കാത്തിരിപ്പും വേണ്ട. ഹൈപോത്തിക്കേഷന്‍ ഫീസ് നല്‍കേണ്ട, ബന്ധപ്പെട്ട ബാങ്കില്‍ നിന്നുള്ള എന്‍ഒസി ആവശ്യമില്ല തുടങ്ങിയ ഗുണങ്ങള്‍ ലഭിക്കും. പൈന്‍ ലാബ്‌സിന്റെ പിഒഎസ് വഴിഹോണ്ട ടുവീലറുകളുടെ ഇഎംഐ അടിസ്ഥാനമാക്കിയുള്ള വാങ്ങല്‍ തിരഞ്ഞെടുക്കുമ്പോള്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒന്നിലധികം കാലാവധി ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാം.

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന ഓരോ രണ്ടു പേരില്‍ ഓരോരുത്തരും അത് വായ്പകളുടെ പിന്തുണയോടെയാണ് നടത്തുന്നത്. പൈന്‍ ലാബ്‌സിന്റെ പിഒഎസിലുള്ള പുതിയ ഇഎംഐ സംവിധാനം സമയവും ഇതിനായുള്ള പ്രക്രിയകളും ലാഭിക്കാന്‍ സഹായകമാകും. ഇതോടൊപ്പം തല്‍സമയം വാഹനം ലഭിക്കുന്ന അനുഭവം ആസ്വദിക്കാന്‍ ഉപഭോക്താവിനെ അതു സഹായിക്കുകയും ചെയ്യും. ഈ പദ്ധതിക്കു കീഴില്‍ 2020 ഫെബ്രുവരി 29 വരെ 40,000 രൂപയുടെയെങ്കിലും വാങ്ങല്‍ നടത്തുന്ന എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഞ്ചു ശതമാനം അല്ലെങ്കില്‍ 4,000 രൂപ കാഷ് ബാക്ക് ലഭിക്കും.

ഇരുചക്ര വാഹന മേഖല ബിഎസ് ആറ് കാലഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിലയില്‍ പത്തു മുതല്‍ 15 ശതമാനം വരെ ഉയര്‍ച്ചയാണുണ്ടാകുന്നതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വേന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന ഓരോ രണ്ടു പേരിലും ഒരാള്‍ വീതം വായ്പകളെ ആശ്രയിക്കുകയാണ്. പൈന്‍ ലാബ്‌സുമായുള്ള തങ്ങളുടെ സഹകരണം തങ്ങളുടെ ഉപഭോക്താക്കളുടെ വാങ്ങലുകളെ ലളിതമാക്കുകയാണ്. അവര്‍ക്കിപ്പോള്‍ വാങ്ങുന്നിടത്തു നിന്നു തന്നെ തുടക്കത്തില്‍ പണമടക്കാതെ തല്‍സമയ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്താനാവും. വായ്പ അനുമതി ലഭിക്കുന്നതിനായി സമയം ചെലവഴിക്കേണ്ടതില്ല, തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ചുള്ള വാഹനങ്ങള്‍ തല്‍സമയം ഡെലിവറി ലഭിക്കും, രേഖകള്‍ തയ്യാറാക്കേണ്ടതില്ല തുടങ്ങിയ ഗുണങ്ങളും ഇതിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൈന്‍ ലാബ്‌സ് പിഒഎസ് മെഷീന്‍ വഴി ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുമായി സഹകരിച്ച് ദശലക്ഷക്കണക്കിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ‘2 വീലര്‍ ഇഎംഐ” ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്തൃ വായ്പയുടെ സങ്കീര്‍ണ്ണത വേഗത്തിലും എളുപ്പത്തിലും ഡിജിറ്റല്‍ അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് പിഒഎസ് വഴിയുളള ഇഎംഐ, ഇതുവഴി ഓര്‍ഡറും ഡെലിവറിയും തമ്മിലുള്ള കാലതാമസം കുറയ്ക്കാന്‍ ഹോണ്ടയുടെ ഡീലര്‍മാരെ പ്രാപ്തമാക്കും. ഈ പങ്കാളിത്തം ഇന്ത്യയിലെ ഹോണ്ടയുടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും സൗകര്യപ്രദവുമായ ധനസഹായ പരിഹാരങ്ങള്‍ നല്‍കുമെന്ന് പൈന്‍ ലാബ്‌സ് ചീഫ് പ്രൊഡക്ട് ഓഫിസര്‍ വെങ്കട് പരുചൂരി പറഞ്ഞു