പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസിനായി പുതിയ പദ്ധതിയുമായി ഹോണ്ട

Posted on: November 7, 2019


കൊച്ചി: പുതിയ പ്രീമിയം ബിഗ് ബൈക്ക് വിഭാഗമായ ഹോണ്ട ബിഗ് വിംഗിനു തുടക്കം കുറിച്ച് ആറു മാസത്തിനുള്ളില്‍ തന്നെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ പുതിയ വികസന പദ്ധതികള്‍ അവതരിപ്പിച്ചു. ഇപ്പോഴുള്ള ഏഴു ഫണ്‍ മോഡലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 13 ആയി ഉയര്‍ത്തും. അഞ്ചു പുതിയ ഫണ്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള ഏഴു മോഡലുകളും അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായി പുതുക്കുകയും ചെയ്യും.

ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ബിഗ് ബൈക്കുകളുടെ വന്‍ തോതിലുള്ള ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തെ 23 പട്ടണങ്ങളില്‍ ലഭ്യമായ ഹോണ്ട വിംഗിന്റെ സേവനം 75 പട്ടണങ്ങളിലേക്കു വ്യാപിപ്പിക്കുവാന്‍ ഉദേശിക്കുന്നതായി  ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യദ്‌വിന്ദർ സിംഗ് ഗുലേറിയ  വെളിപ്പെടുത്തി.

2020-ലേക്കായി സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ ബ്ലെയിഡ്, സിബിആര്‍1000 ആര്‍ആര്‍-ആര്‍ ഫയര്‍ ബ്ലെയിഡ് എസ്പി എന്നിവയാണ് അവതരിപ്പിക്കുന്നത്. ഹോണ്ട ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തമായ നാലു സിലിണ്ടര്‍ എൻജിനാണ് ഇതിലുള്ളത്.