രാജ്യത്തെ ആദ്യ ബിഎസ് 6 ടൂവീലർ – ഹോണ്ട ആക്ടീവ വിപണിയിൽ

Posted on: September 12, 2019

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ രാജ്യത്തെ ആദ്യ ബിഎസ് 6 ടൂവീലർ അവതരിപ്പിച്ചു. 2020 ഏപ്രിലിലെ സമയ പരിധിക്കു വളരെ മുമ്പെയാണ് ഹോണ്ട പുതിയ ആക്ടീവ 125 അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബിഎസ്-6 ടൂവീലർ അവതരിപ്പിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മലിനീകരണം വലിയ ആശങ്കയുണർത്തുന്നുണ്ടെന്നും ഈ ആശങ്കയ്ക്കു അറുതി വരുത്താനാണ് ഓട്ടോമൊബൈൽ വ്യവസായം 2020 ഏപ്രിൽ ഒന്നു മുതൽ ബിഎസ് 6 ലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി ഗഡ്കരി പറഞ്ഞു.

ഹോണ്ട ആക്ടീവ 125 ബിഎസ്-6 അവതരിപ്പിച്ചതിലൂടെ സാങ്കേതിക വിദ്യയിൽ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ മിനോരു കാറ്റോ പറഞ്ഞു.

സെപ്റ്റംബർ അവസാനത്തോടെ ഡെലിവറി ആരംഭിക്കുന്നതിനാൽ ഈ ഉത്സവ കാലത്ത് മൂന്നു വേരിയന്റുകളിൽ നിന്നും ആക്ടീവ 125 ബിഎസ് 6 തെരഞ്ഞെടുക്കാം. 67,490 രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില. ഈ രംഗത്ത് ആദ്യമായി ഹോണ്ട ആക്ടീവ 125 ബിഎസ് 6ന് ആറു വർഷത്തെ വാറന്റി പാക്കേജും നൽകുന്നു.

സ്റ്റാൻഡേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ആക്ടീവ 125 ബിഎസ് 6 ലഭ്യമാണ്. റിബൽ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.

പുതിയ ആക്ടീവ 125 ബിഎസ്-6ന് 67,490 രൂപ (സ്റ്റാൻഡേർഡ്) മുതലാണ് വില. മറ്റു രണ്ട് വേരിയന്റുകൾക്ക് 70,990 രൂപയും (അലോയ്) 74,490 രൂപയുമാണ് (ഡീലക്സ്) ഡൽഹിയിലെ എക്സ് ഷോറൂം വില.