പുതിയ ഡിസൈനും കൂടുതൽ സജ്ജീകരണങ്ങളുമുള്ള പോർഷെ മക്കാൻ

Posted on: July 31, 2019

ന്യൂഡൽഹി : സമഗ്രമായ പരിഷ്‌ക്കരണത്തിനു ശേഷം പോർഷെയുടെ ഏറ്റവും പെർഫോമൻസ് മികവോടെ, ഏറ്റവും പുതിയ തലമുറ മക്കാൻ അവതരിപ്പിച്ചു. കംഫർട്ട്, ഡ്രൈവിംഗ് ഡൈനാമിക്‌സ് എന്നീ കാര്യങ്ങളിൽ വളരെയധികം വികസിച്ച മക്കാൻ കൂടുതൽ കരുത്തുറ്റ മക്കാൻ എസ് എന്നീ രണ്ട് എൻജിൻ പതിപ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യയിൽ വൻ വിജയമായി മാറിയ ശ്രേണിയാണ് മക്കാനെന്ന് പുതിയ മോഡലിന്റെ അവതരണത്തെക്കുറിച്ച് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി പറഞ്ഞു. കൂടുതൽ പ്രബലമായ പോർഷെ ഡിഎൻഎ, മികച്ച പെർഫോമൻസ്, കംഫർട്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് എത്തുന്ന പുതിയ തലമുറ വാഹനം വിജയഗാഥ തുടരുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. യഥാർഥ സ്‌പോർട്ട്‌സ് കാർ എന്ന കാര്യം ഹൃദയത്തിൽ നിന്ന് ഒരിക്കലും മായാൻ അനുവദിക്കാത്ത വിസ്മയകരമായ കോംപാക്ട് എസ്‌യുവിയാണ് മക്കാൻ.
വൈകാരികതയുടെയും പ്രവർത്തനക്ഷമതയുടെയും മികച്ച സംയോജനമാണ് പുതിയ ശ്രേണി നൽകുന്നത്. പുതുതായി അവതരിപ്പിച്ച, മക്കാനു വേണ്ടിയുള്ള ക്രെസ്റ്റ് കെയർ പാക്കേജ് വാഹനത്തിന്റെ പരിപാലനത്തിന് പൂർണ്ണ സമാധാനം ലഭ്യമാക്കുന്നു.

252 എച്ച് പി കരുത്തും 370 എൻഎം ടോർക്ക് നൽകുന്ന പരിഷ്‌ക്കരിച്ച 2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് പുതിയ മക്കാനിലുള്ളത്. കേവലം 6.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതകൈവരിക്കാനാകും. മണിക്കൂറിൽ 227 കിലോമീറ്റർ ആണ് പരമാവധി വേഗം. പാനമേര, കയീൻ എന്നിവയുടെ പുതുതലമുറ മോഡലുകളിൽ ആദ്യമായി അവതരിപ്പിച്ചിട്ടുള്ള പുതിയ വി 6 എൻജിനാണ് മക്കാൻ എസിന് കരുത്ത് പകരുന്നത്. ഹൈടക് പവർ യൂണിറ്റ് 354 എച്ച്പി ഉത്പാദിപ്പിക്കുന്നു 480 എൻഎം ഔട്ട്പുട്ട് ടോർക്കും. ഇതിന്റെ ഫലമായി, ഓപ്ഷണൽ സ്‌പോർട്ട് ക്രോണോ പാക്കേജോടു കൂടി മണിക്കൂറിൽ 100 കിലോമീറ്റർ ആക്‌സിലറേഷൻ വെറും 5.1 സെക്കൻഡിൽ സാധ്യമാകുന്നു. മണിക്കൂറിൽ 254 കിലോമീറ്റർ ആണ് ഉയർന്ന വേഗത.

അടിസ്ഥാനപരമായ ഫീച്ചർ നിലനിർത്തുന്നതാണ് മക്കാന്റെ വെഹിക്കിൾ ഡൈനാമിക്‌സ്. നവീകരിച്ച ചേസിസ് ഡ്രൈവിംഗിന്റെ ആനന്ദം വർധിപ്പിക്കുകയും സ്ഥിരതയും മികച്ച കംഫർട്ടും ലഭ്യമാക്കുകയും ചെയ്യുന്നു. പുതുതായി വികസിപ്പിച്ച മിക്‌സ്ഡ് സൈസ് ടയറുകൾ, നവീകരിച്ച ബ്രേക്കുകൾ, ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് പോർഷെ ട്രാക്ഷൻ മാനേജ്‌മെന്റ് (പിടിഎം) സംവിധാനം എന്നിവ വഴിയാണ് ഇത് സാധ്യമാകുന്നത്. എല്ലാം ഒത്തുചേരുന്നതോടെ ഇതുവരെയില്ലാത്ത വിധം ഒരു സ്‌പോർട്ട്‌സ് കാറിനപ്പുറമുള്ള അനുഭൂതിയാണ് മക്കാൻ നൽകുന്നത്. റീട്ടെയ്ൽ വിലകൾ : പോർഷെ മക്കാൻ 69,98,000 രൂപ, മക്കാൻ എസ് 85,03,000 രൂപ.

TAGS: Porsche Macan |