പോർഷെ കയെന്നെ പ്ലാറ്റിനം ലിമിറ്റഡ് എഡിഷൻ

Posted on: July 20, 2016

Porsche-Cayenne-Limited-Pla

കൊച്ചി : ആഡംബര സൂപ്പർ കാർ പോർഷെ കയെന്നെ പ്ലാറ്റിനം എഡിഷൻ ഇന്ത്യയിലെത്തിച്ചു. പെട്രോൾ മോഡലിന്റെ മുംബൈ എക്‌സ് ഷോറൂം വില 1.06, കോടി രൂപയും, ഡീസൽ 1.08 കോടിയുമാണ്.

നിരവധി മാറ്റങ്ങളാണ് പ്ലാറ്റിനം എഡിഷനിൽ കമ്പനി വരുത്തിയിട്ടുള്ളത്. ആർ.എസ് സ്‌പൈഡർ ഡിസൈനിലുള്ള 20 ഇഞ്ച് വീലുകൾ, എട്ട് രീതിയിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സ്‌പോർട്‌സ് ലെതർ സീറ്റ് തുടങ്ങിയ പ്രത്യേകതകൾ പുതിയ പ്ലാറ്റിനം എഡിഷനിലുണ്ട്. ആഡംബരവും വേഗതയുമാണ് കയെന്നെയുടെ മുഖമുദ്ര, അതു പ്രകടമാക്കും രീതിയിലുള്ള രൂപകൽപ്പനയാണ് പോർഷെ ചെയ്തിട്ടുള്ളത്. പോർഷെയുടെ ഏറ്റവും പുതിയ തലമുറ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റമാണ് കയെന്നെയുടെ മറ്റൊരു പ്രത്യേകത. ആപ്പിൾ കാർപ്ലേയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനിൽ നാവിഗേഷൻ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

പോർഷെ ഹെഡ്‌ലൈറ്റ് ഡൈനാമിക്ക് സിസ്റ്റമുള്ള ബൈസിനോൻ ഹെഡ്‌ലൈറ്റുകൾ കയെന്നെയ്ക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു. പോർഷെ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് സൗകര്യം നൽകുന്നതിലൂടെ യാത്രാസുഖം വർധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പനോരമിക്ക് സൺറൂഫ്, ബ്ലൂടൂത്ത് മൊബൈൽ ഫോൺ ഓപ്പറേറ്റർ, നാല് രീതിയിൽ സജ്ജീകരിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ എന്നിവയും കയെന്നെ പ്ലാറ്റിനം എഡിഷനിലുണ്ട്. പെട്രോൾ മോഡലിലുള്ള എൻജിൻ 300 ബിഎച്ച്പി കരുത്തും ഡീസൽ എൻജിൻ 245 ബിഎച്ച്പി കരുത്തും നൽകും.

നോൺ മെറ്റാലിക് കറുപ്പ്, വെളുപ്പ് നിറങ്ങൾക്കു പുറമെ മെറ്റാലിക് ജെറ്റ് ബ്ലാക്ക്, റോഡിയം സിൽവർ, മഹാഗണി, കരേര വൈറ്റ്, പർപുറൈറ്റ് മെറ്റാലിക്ക് എന്നീ നിറങ്ങളിൽ പോർഷെ കയെന്നെ പ്ലാറ്റിനം എഡിഷൻ തെരഞ്ഞെടുക്കാം.