മാർലാബ്‌സ് ഇന്നൊവേഷൻ സ്റ്റുഡിയോ കൊച്ചിയിൽ

Posted on: February 21, 2018

കൊച്ചി : യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്നൊവേഷൻ കമ്പനിയായ മാർലാബ്‌സ് കൊച്ചിയിൽ ഇന്നൊവേഷൻ സ്റ്റുഡിയോ തുറന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ മാർലാബ്‌സ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് ഇന്നൊവേഷനിലും മൊബിലിറ്റി പരിഹാരങ്ങളിലും ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളിലാണ് കൊച്ചിയിലെ ഇന്നൊവേഷൻ സ്റ്റുഡിയോ ഫോക്കസ് ചെയ്യുന്നത്. ഇൻഫോപാർക്കിൽ 12,000 ചതുരശ്രയടി വിസ്തീർണത്തിൽ സജ്ജീകരിക്കുന്ന മാർലാബ്‌സിന്റെ ഇന്നൊവേഷൻ കേന്ദ്രം കൊച്ചിയെ ഇന്ത്യയുടെ ഗവേഷണ വികസന ഹബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്.

ആകാംഷഭരിതമായ വളർച്ചയാണ് ഐഒടി, ഐഒപി, മെഷീൻ ലേണിംഗ് തുടങ്ങിയ സങ്കേതങ്ങളിൽ ഞങ്ങൾ കാണുന്നതെന്ന് മാർലാബ്‌സ് ചെയർമാനും സിഇഒയുമായ സിബി വടക്കേക്കര പറഞ്ഞു. ഹെൽത്ത്‌കെയർ, സപ്ലൈചെയിൻ, ലോജിസ്റ്റിക്‌സ്, ബാങ്കിംഗ്, തുടങ്ങിയ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ വിപ്ലവകരമായ മാറ്റമാണുണ്ടാക്കുന്നത്. 5ജി യുടെ അവതരണത്തോടെ കൊച്ചിയിലെ പുതിയ ഓഫീസിന് ഈ മേഖലകളിലെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്നും അദേഹം വ്യക്തമാക്കി.

 

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. വി.എ. ജോസഫ്, മാർലാബ്‌സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സലിൽ രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.