ഇന്ത്യ – ജർമനി വ്യാപാരബന്ധം : ജർമൻ കോൺസൽ ആശയവിനിമയം നടത്തി

Posted on: December 13, 2016

german-consulate-meet-kochi

കൊച്ചി : ഇന്ത്യയും ജർമനിയും തമ്മിൽ സുദൃഢമായ ബന്ധമാണു നിലനിൽക്കുന്നതെന്നും ഇന്ത്യ-ജർമനി വ്യാപാരബന്ധം പുരോഗമന പാതയിൽ മുന്നേറുമെന്നും ജർമൻ കോൺസൽ ജനറൽ മാർഗിറ്റ് ഹെൽവിഗ് ബോട്ട് പറഞ്ഞു.

ജർമൻ കോൺസുലേറ്റ്, സ്‌പൈസസ് ബോർഡും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടി (എംപിഇഡിഎ)യുമായി നടത്തിയ കൊച്ചിയിൽ നടത്തിയ ആശയവിനിമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാർഗിറ്റ് ഹെൽവിഗ്. സുഗന്ധ വ്യഞ്ജന-സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ടു നടത്തിയ സംവാദത്തിൽ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ സമുദ്രവിഭവ കയറ്റുമതിരംഗത്തെ പ്രമുഖരും പങ്കെടുത്തു.

ജൈവവിഭവങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ ജർമനി എന്നും മുന്നിലാണ്. ഇന്ത്യ-ജർമനി ബന്ധം ശക്തമായി നീങ്ങുന്നതിനാൽ ഇന്ത്യൻ മഹാസമുദ്രമേഖല തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാണ്. രാജ്യാന്തരനിലവാരം പാലിക്കുന്നവയായതിനാൽ ഇന്ത്യൻ ഉത്പന്നങ്ങൾ ജർമനിയിൽ പ്രിയങ്കരമാണെന്നും ഹെൽവിഗ് പറഞ്ഞു.

സുഗന്ധവ്യഞ്ജന-സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കണമെന്നും കയറ്റുമതിയിൽ സുതാര്യമായ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും എംപിഇഡിഎ ചെയർമാൻ എ. ജയതിലക് ആവശ്യപ്പെട്ടു.

ജർമൻ ഭക്ഷണവ്യവസായം സുഗന്ധവ്യഞ്ജനങ്ങളെ ഏറെ ആശ്രയിക്കുന്നതാണെന്നും ഗുണനിലവാരമുറപ്പാക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്ന കേരളത്തിന്റെ വിഭവങ്ങളാണ് ജർമൻകാർക്ക് കൂടുതൽ പ്രിയങ്കരമെന്നും ജർമൻ കോൺസുലേറ്റ് ഓണററി കോൺസുൽ സെയ്ദ് ഇബ്രാഹിം ചൂണ്ടിക്കാട്ടി.