വില്ലനാകുന്നത് കാർബൺമോണോക്‌സൈഡ്

Posted on: August 12, 2014

Vytila-Trafic-Block

ഡീസലും പെട്രോളും ഉപയോഗിക്കുന്ന 10 ലക്ഷം വാഹനങ്ങൾ ഒരു ദിവസം 250 ടൺ കാർബൺ മോണോക്‌സൈഡ്(സിഒ), 400 ടൺ ഹൈഡ്രോകാർബൺ(എച്ച്‌സി), 6 ടൺ സൾഫർ ഡയോക്‌സൈഡ് (എസ്ഒ2), 600 കിലോഗ്രാം ലെഡ്(പിബി), ധാരാളം സസ്‌പെൻഡഡ് പാർട്ടിക്കുലേറ്റ് മാറ്റർ (എസ്പിഎം) എന്നിവയും പുറം തള്ളുന്നു. നിറവും മണവും രുചിയുമില്ലാത്ത കാർബൺ മോണോക്‌സൈഡാണ് ഏറ്റവും അപകടകരം.

കാർബൺ മോണോക്‌സൈഡ് മനുഷ്യശരീരത്തിൽ എത്തിയാൽ ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്‌സി ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുകയും അത് നാഡികളിലെ ഓക്‌സിജൻ പ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും. റോഡിലൂടെ നടക്കുമ്പോഴും വാഹനം കാത്തുനിൽക്കുമ്പോഴും ഇവ നേരിട്ട് നമ്മുടെ ശ്വാസകോശങ്ങളിലെത്തുന്നു. വിഷപ്പുക അടങ്ങിയ വായു പതിവായി ശ്വസിച്ചാൽ പലവിധ രോഗങ്ങൾക്കും അലർജികൾക്കും ഇടയാക്കും.

റോഡ് അരികിൽ നിന്നും 50 മീറ്റർ ഉള്ളിൽ താമസിക്കുന്നവരിൽ പോലും ശ്വാസകോശരോഗങ്ങൾ കേരളത്തിൽ വ്യാപകമാണ്. വാഹനങ്ങൾ സൃഷ്ടിക്കുന്ന വായുമലിനീകരണത്തിൽ നിന്ന് നവജാതശിശുക്കൾ പോലും മുക്തരല്ല. ഇരുചക്രവാഹനയാത്രക്കാരും ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരും ട്രാഫിക് വാർഡൻമാരും വഴിയോരക്കച്ചവടക്കാരും റോഡ് നിർമാണ തൊഴിലാളികളുമെല്ലാം വാഹനങ്ങൾ പുറന്തള്ളുന്ന വിഷപ്പുക നേരിട്ടു ഏറ്റുവാങ്ങുന്നവരാണ്. ഈ നില തുടർന്നാൽ സ്വന്തമായി ഓക്‌സിജൻ സിലണ്ടറുകളുമായി മലയാളി യാത്രചെയ്യേണ്ട കാലം വിദൂരമല്ല.

മോട്ടോർ വാഹനങ്ങൾ പൊതുജനാരോഗ്യത്തിനു ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി കേരളം ഇനിയും വേണ്ടവിധം ശ്രദ്ധിച്ചിട്ടില്ല. ട്രാഫിക് സിഗ്‌നൽ കാത്തുകിടക്കുമ്പോഴും ടോൾ നൽകാൻ ക്യു പാലിക്കുമ്പോഴും റോഡ് ബ്ലോക്കിലുമെല്ലാം ഇന്ധനം കത്തി കറുത്തപുക കൂടുതൽ പുറന്തള്ളാൻ ഇടയാകുന്നു. ഒന്നോ രണ്ടോ മിനിട്ട് സിഗ്‌നൽ കാത്തുകിടക്കുമ്പോൾ ആരും എൻജിൻ ഓഫാക്കാറില്ല. തത്ഫലമായി തിരക്കുപിടിച്ച ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശ്വാസകോശങ്ങൾ തകരാറിലാകുന്നു.

ആഗോളതാപനത്തോളം ഭീകരമാണ് വാഹനപ്പുകയിൽ അടങ്ങിയിരിക്കുന്ന ബ്ലാക്ക് കാർബൺ. ബ്ലാക്ക് കാർബൺ പതിവായി ശ്വാസകോശത്തിൽ എത്തിയാൽ കാൻസറിനു വരെ കാരണമാകും. യാതൊരു മുൻകരുതലുമില്ലാതെ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന വർക്ക്‌ഷോപ്പ് തൊഴിലാളികളാണ് ശ്വാസകോശ രോഗങ്ങൾക്ക് എളുപ്പം കീഴടങ്ങുന്നത്.

പവർകട്ടു പതിവായതോടെ ഡീസൽ ജനറേറ്ററുകളും കേരളത്തിൽ വ്യാപകമായി. ജനറേറ്ററുകൾ പുറന്തള്ളുന്ന പുകയും അന്തരീക്ഷത്തിൽ വ്യാപിച്ച് മനുഷ്യന്റെ ശ്വാസകോശങ്ങളിലേക്കാണ് എത്തുന്നത്. ആരോഗ്യമുള്ള മനുഷ്യശരീരത്തിനു പ്രതിദിനം 420 ലിറ്റർ ഓക്‌സിജനാണ് ആവശ്യം. ശ്വസനത്തിലൂടെ പ്രതിദിനം 350 ലിറ്റർ കാർബൺഡൈഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യും. എന്നാൽ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളിലൂടെ ഈ അളവിനു വ്യത്യാസം വരാം.

അതോടൊപ്പം വാഹനങ്ങൾ പുറന്തള്ളുന്ന വിഷപ്പുകയിലെ വാതകമാലിന്യങ്ങളും ശ്വാസകോശത്തിലെത്തും. ആസ്തമ, ശ്വാസതടസം, കഫക്കെട്ട്, വലിവ്, സൈനസൈറ്റിസ്, ചെവിയിലെ ഇൻഫെക്ഷൻ, ഉറക്കസംബന്ധിയായ തടസങ്ങൾ തുടങ്ങി പലതരം രോഗങ്ങൾക്കും അസ്വസ്ഥതകൾക്കും വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം കാരണമാകുന്നു.

സമീപഭാവിയിൽ കേരളം അഭിമുഖീകരിക്കേണ്ട മഹാവിപത്തിന്റെ നേർക്കാഴ്ചയാണ് മെട്രോനഗരമായ കൊച്ചി. സ്മാർട്ട്‌സിറ്റി യാഥാർത്ഥ്യമാകുകയും ഇൻഫോപാർക്കിന്റെ വികസനം മുൻനിശ്ചയപ്രകാരം നടക്കുകയും ചെയ്താൽ 2020-ൽ ഉന്നതവരുമാനക്കാരായ രണ്ടു ലക്ഷം പ്രഫഷണലുകളാണ് കൊച്ചിയിലെ ഐടി മേഖലയിൽ ഉണ്ടാവുക. അവർ ഓരോരുത്തരും ഓരോ കാർ വീതം വാങ്ങിയാൽ ഇപ്പോഴത്തെ റോഡ് സംവിധാനം പോരാതെ വരും. അവ പുറന്തള്ളുന്ന കാർബൺമോണോക്‌സൈഡും നൈട്രജൻഡയോക്‌സൈഡും അടങ്ങുന്ന പുക മെട്രോനഗരമായ കൊച്ചിയെ ശ്വാസംമുട്ടിക്കുക തന്നെ ചെയ്യും.

വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കേരളം മാതൃകയാക്കേണ്ടത് ഡൽഹിയെയാണ്. തൊണ്ണൂറുകളിൽ രാജ്യത്തെ ഏറ്റവും മലനീകരിക്കപ്പെട്ട വായുവുള്ള നഗരങ്ങളിൽ ഒന്നായിരുന്നു ന്യൂഡൽഹി. 1995-ൽ വേൾഡ് ബാങ്കിന്റെ കണക്കനുസരിച്ച് ഓരോ 70 മിനിട്ടിലും എയർ പൊല്യൂഷൻ മൂലം ഒരാൾ മരിച്ചുകൊണ്ടിരുന്ന നഗരം. ബസും ടാക്‌സിയും ഓട്ടോറിക്ഷകളും ഉൾപ്പെടുന്ന പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനം സിഎൻജിയിലേക്ക് മാറണമെന്ന 1998-ലെ സുപ്രീം കോടിതി വിധിയാണ് ഡൽഹി നിവാസികളെ രക്ഷിച്ചത്.

വിധി നടപ്പാക്കാൻ 2002 ഏപ്രിൽ വരെ സുപ്രീം കോടതി സമയം അനുവദിക്കുകയും ചെയ്തു. അതോടെ ഡീസൽ ബസുകളും ടാക്‌സികളും സിഎൻജിക്കു വഴിമാറി. സിഎൻജി ഉപയോഗിക്കുമ്പോൾ മലിനീകരണം കുറയുമെന്നു മാത്രമല്ല എൻജിനുകളുടെ ആയുസ് വർധിക്കുകയും ചെയ്യും (തുടരും).

ലിപ്‌സൺ ഫിലിപ്പ്