മലയാള സിനിമയിൽ മാറ്റത്തിന്റെ കാറ്റെന്ന് വിദഗ്ധർ

Posted on: January 13, 2018

കൊച്ചി : സ്ത്രീ വിരുദ്ധതയും തൊഴിലാളി വിരുദ്ധതയും നിറഞ്ഞതാണ് മലയാള സിനിമയെന്ന മായികലോകമെന്ന് വിദഗ്ധർ. മലയാള സിനിമാലോകത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ പുറത്തു വരാൻ ഒരു നടി ആക്രമിക്കപ്പെടേണ്ട സാഹചര്യം ഉണ്ടാവേണ്ടി വന്നത് സഹതാപാർഹമാണെന്ന് പ്രമുഖ സംവിധായകനും രാജ്യാന്തര ജ്യൂറി അംഗവുമായ ഡോ. ബിജുകുമാർ പറഞ്ഞു. ഈസ്റ്റേൺ ഗ്ലോബൽ ഷോർട്ട് ഫിലിം അവാർഡ്‌നിശയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി എന്നതിനപ്പുറം സംവിധായിക ഉൾപ്പെടെ മറ്റു റോളുകളിൽ സ്ത്രീ സാന്നിധ്യം കാണാനാകില്ല. ഇറാൻ പോലെയുള്ള രാജ്യത്ത് പോലെയും നാൽപ്പതിലേറെ വനിതാ സംവിധായകർ സജീവമാണെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ബിജു കുമാർ പറഞ്ഞു.

യുവചലച്ചിത്ര പ്രതിഭകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ്  ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നും വിജയപാതകൾ താണ്ടിയ വനിതകളെ അംഗീകരിക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതു തന്നെയാണ് ഈസ്റ്റേൺ ഭൂമികയിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമയിലെ പല അനഭിലഷണീയ സംഭവങ്ങളും പുറത്ത് വന്നു തുടങ്ങിയതായും മലയാള ചലച്ചിത്ര ലോകത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ പുറത്തു വരാൻ തുടങ്ങിയതായും മുതിർന്ന മാധ്യമപ്രവർത്തക സരസ്വതി നാഗരാജൻ അഭിപ്രായപ്പെട്ടു. എന്നാൽ സ്ത്രീകളോടുള്ള സമീപനത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നും അവർ പറഞ്ഞു.

പുരുഷന്മാർക്ക് മാത്രമേ എന്തും സാധ്യമാകൂ എന്ന ചിന്തയിൽ നിന്ന് കേരള സമൂഹം ഏറെ മാറിയിട്ടുണ്ടെന്ന് നടനും നിർമാതാവുമായ പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. സിനിമയിൽ ഇപ്പോഴും ചില അധികാരകേന്ദ്രങ്ങൾ ഉണ്ട്. എന്നാൽ ഇത് വകവെയ്ക്കാതെ സ്ത്രീകൾ കൂടുതലായി കടന്നു വരികയും സമൂഹം അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാള സിനിമയിലെ പുരുഷാധിപത്യം അവസാനിപ്പിക്കാൻ ശക്തമായ കാറ്റ് വീശിത്തുടങ്ങിയെന്നും സ്ത്രീകൾ കൂടുതൽ സജീവം ആകണമെന്നും ഗായിക രശ്മി സതീഷ് പറഞ്ഞു.

മറാത്തി ചിത്രമായ അനാഹട്ട്, മലയാളം ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേൺ ഗ്ലോബൽ ഷോർട്ട് ഫിലിം അവാർഡിൽ കൂടുതൽ പുരസ്‌ക്കാരങ്ങൾ നേടി. ഉമേഷ് മോഹൻ ബഗാെഡ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയപ്പോൾ നയന സൂര്യൻ സംവിധാനം ചെയ്ത പക്ഷികളുടെ മണം മികച്ച വനിതാധിഷ്ഠിത ചിത്രത്തിന് പുരസ്‌കാരം നേടി.

സമൂഹത്തിലെ സ്ത്രീകളുടെ മുന്നേറ്റം, സഞ്ചാരപഥം, വെല്ലുവിളികൾ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി വനിതാധിഷ്ഠിത ചിത്രത്തിന് ഇത്തവണ പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റേൺ ഗ്രൂപ്പ്, ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫോർ എക്‌സലൻസ് എന്നിവർ ചേർന്നാണ് ഇത്തവണ അവാർഡ് നിശ സംഘടിപ്പിച്ചത്.

ഡോ. ബിജുവിൻറെ നേതൃത്വത്തിലുള്ള ജ്യൂറി അനാഹട്ട് സംവിധായകൻ ഉമേഷ് മോഹൻ ബഗാഡെയെ മികച്ച സംവിധായകനായും ആശിഷ് ചിന്നപ്പയുടെ തേൻവരിക്ക മികച്ച ജനപ്രിയ ചിത്രമായും തെരഞ്ഞെടുത്തു. വിമെൻസ് ജേർണി വിഭാഗത്തിൽ അലമാരക്കുള്ളിലെ പെൺകുട്ടി എന്ന ചിത്രത്തിന് കഥയെഴുതിയ അരുൺ സുകുമാരൻ നായരെ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തു.

മുരളി റാം (വലിയ കണ്ണുള്ള മീൻ) മികച്ച നടൻ, വിവേക് ജോസഫ് വർഗീസ് (ഫ്യുഗ്) മികച്ച തിരക്കഥാകൃത്ത്, ഇ എസ് സൂരജ് (അപ്പൂപ്പൻതാടി) മികച്ച എഡിറ്റർ, ഗൗതം ലെനിൻ (പക്ഷികളുടെ മാനം), രാകേഷ് ധരൻ (റാബിറ്റ് ഹോൾ) എന്നിവർ മികച്ച സിനമാട്ടോഗ്രാഫർ ആയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിന് മിഥുൻ (വലിയ കണ്ണുള്ള മീൻ), മികച്ച സൗണ്ട് ഡിസൈനർ അവാർഡിന് ശിശിർ ചൗസൽക്കർ (അനാഹട്ട്), നിഖിൽ വർമ്മ (റാബിറ്റ് ഹോൾ) എന്നിവർ അർഹരായി. കെ. ജയചന്ദ്ര ഹാഷ്മി (ടു ലെറ്റ്), ഐശ്വര്യ വാര്യർ (നീലിമ-ബിയോണ്ട് ദി ബ്ലൂ ആൻ എക്‌സ്‌പ്ലൊറേഷൻ), സന്ധ്യ നവീൻ (നഷ്ടവസന്തം), സഫ്വാൻ കെ ബാവ (സമകാലികം) എന്നിവർ ജ്യൂറിയുടെ പ്രത്യേക അവാർഡിന് അർഹരായി.

വിവേക് ജോസഫ് വർഗീസ് (ഫ്യുഗ്) – മികച്ച ചിത്രം, അരുൺസോൾ (മെമ്മറീസ് ഓഫ് മൊറാലിറ്റി) – മികച്ച സംവിധായകൻ, ദേവകി രാജേന്ദ്രൻ (പാർവതി) – മികച്ച താരം, മൈഥിലി (പക്ഷികളുടെ മാനം) – മികച്ച താരം, കൃഷ്ണൻ ബാലകൃഷ്ണൻ (റാന്തൽ) – മികച്ച താരം, ആൻറണി വർഗീസ് (മൗസ് ട്രാപ്പ്) – മികച്ച താരം, വിനു ജനാർദ്ദനൻ (റാബിറ്റ് ഹോൾ) – മികച്ച തിരക്കഥ, കണ്ണൻ പട്ടേരി (ബുഹാരി സലൂൺ) – മികച്ച എഡിറ്റർ എന്നിവർ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.

ഡോ. ബിജു, റിമ കല്ലിങ്ങൽ എന്നിവർക്ക് പുറമെ ശ്രീബാല കെ മേനോൻ, പ്രകാശ് ബാരെ, പ്രമോദ് പയ്യന്നൂർ, എം.ജെ രാധാകൃഷ്ണൻ, സന്തോഷ് ചന്ദ്രൻ, ആർ. എസ് അജൻ, പി. ബി സ്മിജിത് കുമാർ, മനോജ്, സരസ്വതി നാഗരാജൻ, സി. റഹിം എന്നിവരടങ്ങുന്ന ജ്യൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. സിറാജ് ഷാ ആയിരുന്നു അവാർഡ് നിശയുടെ ആർട്ട് ഡയറക്ടർ.

ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ എക്‌സലൻസ് ചെയർമാൻ എം.ഡി. വർഗീസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോ എ സ്‌കറിയ, ഡയറക്ടർമാരായ ടി വിനയകുമാർ, യു.എസ്. കുട്ടി, ഈസ്റ്റേൺ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ബിജു ജോബ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.