കൊച്ചിയിലെ രണ്ടാമത്തെ താജ് ഹോട്ടല്‍ പ്രഖ്യാപിച്ചു

Posted on: April 27, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്‌സിഎല്‍), ലോകപ്രശസ്ത ബ്രാന്‍ഡായ താജ് നൂറാമത്തെ ഹോട്ടല്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു.

112 മുറികളുള്ള പുതിയ ഹോട്ടല്‍ കൊച്ചി വിമാനത്താവളത്തിന് അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഓള്‍ ഡേ ഡൈനര്‍, ബാര്‍, ലോഞ്ച്, ഓപ്പണ്‍ എയര്‍ സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഹോട്ടലിലുണ്ടാകും. ബാങ്ക്വറ്റിങ് സ്‌പെയിസുകള്‍, മീറ്റിംഗ് റൂമുകള്‍, സ്പാ, നീന്തല്‍ക്കുളം, ജിംനേഷ്യം എന്നിവയും ഇതില്‍ ഉള്‍പ്പെടും.

താജ് പോര്‍ട്ട്ഫോളിയോ ഇന്ത്യയിലുടനീളവും പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലുമായി 100 ഹോട്ടലുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇത് ഒരു സുപ്രധാന സന്ദര്‍ഭമാണെന്ന് ഐഎച്ച്‌സിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഛത്വാള്‍ പറഞ്ഞു. ഈ വളര്‍ച്ച ഞങ്ങളുടെ പങ്കാളികള്‍ സ്ഥിരമായി ഞങ്ങളില്‍ അര്‍പ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണ്. ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും അതിഥികള്‍ക്കും ജീവനക്കാര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ ഞങ്ങളുടെ രണ്ടാമത്തെ താജ് ഹോട്ടലിന് ധാരണയായതോടെ, തുറമുഖ നഗരമായ കൊച്ചിയില്‍ മറ്റൊരു വിലാസം വാഗ്ദാനം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിനായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1903-ല്‍ സ്ഥാപിതമായ താജിന്റെ ആധുനിക ബിസിനസ്സ് ഹോട്ടലുകള്‍ മുതല്‍ മനോഹരമായ ബീച്ച് റിസോര്‍ട്ടുകളും ആധികാരികവും ഗംഭീരവുമായ കൊട്ടാരങ്ങളും വരെയുള്ള ലോകപ്രശസ്തമായ ഹോട്ടലുകള്‍ ഓരോന്നും ഊഷ്മളമായ ഇന്ത്യന്‍ ആതിഥ്യമര്യാദയുടെയും ലോകോത്തര സേവനത്തിന്റെയും സമാനതകളില്ലാത്ത സംയോജനം വാഗ്ദാനം ചെയ്യുന്നവയാണ്. ബ്രാന്‍ഡ് ഫിനാന്‍സ് ഹോട്ടല്‍സ് 50 റിപ്പോര്‍ട്ട് 2022, ഇന്ത്യ 100 റിപ്പോര്‍ട്ട് 2022 എന്നിവ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ ഹോട്ടല്‍ ബ്രാന്‍ഡായും ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡായും താജ് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊച്ചി സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന് പേരുകേട്ടതാണ്. കേരളത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള മനോഹരമായ ബീച്ചുകളുള്ള ഈ നഗരം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

പുതിയ ഹോട്ടല്‍ കൂടി വരുന്നതോടെ ഐഎച്ച്സിഎല്ലിന് താജ്, സെലക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ ബ്രാന്‍ഡുകളിലായി കേരളത്തിലെമ്പായുമായി 17 ഹോട്ടലുകളുണ്ടാകും. പണി പൂര്‍ത്തിയായി വരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെയാണിത്.

കൂടുതല്‍ അറിയുന്നതിന് tajhotels.com സന്ദര്‍ശിക്കുക