ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാം സ്ഥാനത്ത്

Posted on: April 20, 2023

തിരുവനന്തപുരം : പ്രമുഖ മലയാളി പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീലാ റാവിസ് ഹോട്ടലിന് അന്താരാഷ്ട്ര പുരസ്‌കാരം. ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാം സ്ഥാനം നേടി. പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക ഹോട്ടലും കോവളം ലീലറാവിസാണ്.

അന്താരാഷ്ട്ര യാത്രാ മാഗസില്‍ ട്രാവല്‍ ആന്‍ഡ് ലീഷറാണ് ആഡംബര ഹോട്ടലുകളുടെ പട്ടിക പുറത്തിറക്കിയത്. കോവളത്തിന്റെ തീരമനോഹാരിത അല്പം പോലും ചോര്‍ന്നു പോകാതെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് കോവളം ലീലാ റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവല്‍ ആന്റ് ലീഷര്‍ വിലയിരുത്തുന്നത്. ഹോട്ടലിലെ സിമ്മിംഗ്പൂളുകളെ കുറിച്ചും റസ്റ്ററന്റുകളെ കുറിച്ചും
കൈബാറിനെ കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്.

ലീല റാവിസില്‍ കുറഞ്ഞ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍ ആസ്വദിക്കാം എന്നതും ബഹുമതിക്ക് കാരണമായതായി മാഗസിന്‍ വ്യക്തമാക്കുന്നു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് കോവളം ലീലാ റാവീസിനെ തേടിഈ അന്താരാഷ്ട്ര ബഹുമതി എത്തുന്നത്.

ലോക ടൂറിസം ഭൂപടത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുള്ള കോവളം ലീലാ റാവിസ് ഹോട്ടലിന് പുതിയ അംഗീകാരത്തോടെ കൂടുതല്‍ അന്താരാഷ് പ്രശസ്തി ലഭിക്കും. പുതിയ നേട്ടം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നുവെന്ന് കോവളം ലീലാ റാവിസ് ജനറല്‍ മാനേര്‍ ബിസ്വജിത് ചക്രബര്‍ത്തി പറഞ്ഞു. ഈ നേട്ടം കോവളം ലീലാ റാവിസിന് മാത്രമല്ല കേരളത്തിന്റെ മേഖലയ്ക്ക് കൂടി പുതിയ സാധ്യ
തകള്‍ തുറന്നു തരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.