ടൂറിസം മേളയായ ഫിത്തൂറില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം

Posted on: January 21, 2023

തിരുവനന്തപുരം: സ്‌പെയിനില്‍ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്‌പെയിനുമായുള്ള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ഈ വര്‍ഷം കേരളം പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന രാജ്യാന്തര ടൂറിസം മേളയാണ് ഫിത്തൂര്‍ 43-ാം പതിപ്പ് സ്‌പെയിനിലെ ഫിലിപ്പെ ആറാമന്‍ രാജാവ് മാഡ്രിഡില്‍ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവലിയന്‍ സന്ദര്‍ശന വേളയില്‍ ഫിലിപ്പെആറാമനും രാജ്ഞി ലെറ്റിസിയയുമായി കേരള പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംവദിച്ചു. സ്‌പെയിനില്‍ നിന്നും സമീപ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും അതുവഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേളയിലെ പങ്കാളിത്തം പ്രയോജനപ്പെടും.

കേരള ടൂറിസം പവലിയന്റെ ഉദ്ഘാടനം മന്ത്രിയും സ്‌പെയിനിലെ ഇന്ത്യന്‍ അംബാസഡര്‍ ദിനേശ് പട്‌നായിക്കും ചേര്‍ന്ന് നിര്‍വഹിച്ചു. കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മ, കേരള ടൂറിസം ഡയറക്റ്റര്‍ പി.ബി. നൂഹ് എന്നിവര്‍ സന്നിഹിതനായിരുന്നു. കേരളീയ ഉത്സവങ്ങളുടെ നിറപ്പകിട്ടും പ്രതീതിയും അനുഭവവേദ്യമാക്കുന്ന പവലിയന്‍ മേളയില്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടി, മേള 22ന് സമാപിക്കും.

എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ലക്ഷ്യസ്ഥാനം എന്ന ആശയമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പുതിയ ലക്ഷ്യസ്ഥാനങ്ങളും നൂതനമായ ടൂറിസം സര്‍ക്യൂട്ടുകളും അവതരിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം സംരംഭം വിപുലീകരിക്കുക, ഗ്രാമീണ ജീവിതവും പ്രാദേശിക സമൂഹങ്ങളും പ്രയോജനപ്പെടുത്താന്‍ അനുവദിക്കുകയും മികച്ചകണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ നിരവധി സംരംഭങ്ങളാണ് കേരളറിസം വിനോദസഞ്ചാരികള്‍ക്ക് വാഗ്ദാനംചെയ്യുന്നത്.

സിജിഎച്ച് എര്‍ത്ത്, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ട്രാവല്‍ കോര്‍പ്പറേഷന്‍ (ഇന്ത്യ) എന്നിവരാണ് മേളയില്‍ കേരള ടൂറിസത്തിന്റെ ട്രേഡ് പാര്‍ട്ണര്‍മാര്‍.