സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ആഗോള പുരസ്‌കാരം

Posted on: November 11, 2022

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ആഗോള പുരസ്‌കാരം, ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിലെ
സാമൂഹിക വികസനത്തിന്റെ ഭാഗമായി നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിനര്‍ഹമായത്. ജല സംരക്ഷണം, ജല ലഭ്യത മെച്ചപ്പെടുത്തല്‍ എന്നീ ഘടകങ്ങള്‍ പുരസ്‌കാരം നേടാന്‍ ‘സ്ട്രീറ്റി’നെ സഹായിച്ചു.

സസ്റ്റെയിനബിള്‍, ടാന്‍ജിബിള്‍, റെസ്‌പോണ്‍സിബിള്‍, എക്‌സ്പീരിയന്‍ഷ്യല്‍, എത്തിനിക് ടൂറിസം എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്ട്രീറ്റ്’, ടൂറിസം ഫോര്‍ ഇന്‍ക്ലൂസിവ് ഗോത്ത് എന്ന ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പ്രഖ്യാപിത നയത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് ‘സ്ട്രീറ്റ്’ പദ്ധതി ആവിഷ്‌കരിച്ചത്.

പുതിയ ചുവടുവയ്പുകളുമായി മുന്നോട്ടു പോകാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നതാണ് ‘സ്ട്രീറ്റ്’ പദ്ധ
തിയ്ക്ക് ലഭിച്ച ആഗോള പുരസ്‌ക്കാരമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരള സംഘത്തെ നയിക്കുന്നത് മന്ത്രിയാണ്.

കുമരകത്തിനടുത്തുള്ള മറവന്‍തുരുത്താണ് ‘വാട്ടര്‍ സ്ട്രീറ്റ്’ പദ്ധതിയിലെ പ്രധാന ഇടം. ഇവിടെ 18 തോടുകള്‍, മൂന്ന് നദികള്‍, കായല്‍ എന്നിവ ഉള്‍പ്പെടുത്തി വാട്ടര്‍ സ്ട്രീറ്റാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികള്‍, ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍, പഞ്ചായത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതിക്കായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനായി തോടുകളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം കൊണ്ട് ബലപ്പെടുത്തി പൂന്തോട്ടം, ഔഷധസസ്യങ്ങള്‍, പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു. വെള്ളം തെളിഞ്ഞതോ ടെ കയാക്കിങ്, നാടന്‍ വള്ളം, ഷിക്കാര എന്നിവ ഇതിലൂടെ പോകാന്‍തുടങ്ങി. പ്രാദേശിക ഉത്പന്നങ്ങളുടെ വില്‍പ്പന, ചൂണ്ടയിടല്‍, മീന്‍പിടുത്തം എന്നിവയും സംഘടിപ്പിച്ചു.

അനുഭവവേദ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിഈ പ്രവര്‍ത്തനങ്ങളെല്ലാം പ്രദേശവാസികള്‍ ഏറ്റെടുക്കുകയും അതിന്റെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ജലസ്രോതസുകളിലെ മലിനീകരണം തടയേണ്ടതിന്റെ ബോധവത്കരണം കൂടിയായി ഈ പദ്ധതി മാറി. മറവന്‍തുരുത്തിലെ ഈ വിജയ മാതൃക വാട്ടര്‍ സ്ട്രീറ്റ് എന്ന ഉപ പദ്ധതിക്കും തുടക്കമിട്ടു.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറികെ.എസ്. ശ്രീനിവാസ്, ഡയറക്റ്റര്‍പി.ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കൊ- ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ എന്നിവരും ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു.