ടൂറിസം മലേഷ്യ റോഡ് ഷോ സംഘടിപ്പിച്ചു

Posted on: August 23, 2022

കൊച്ചി : കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ മലേഷ്യ ഒരുങ്ങി. പൂര്‍ണ വാക്സിന്‍ എടുത്തവര്‍ക്ക് ഇനി മലേഷ്യയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. യാത്ര പുറപ്പെടും മുന്‍പും മടങ്ങുമ്പോഴുമുള്ള കോവിഡ് പരിശോധനയും ഇനി ആവശ്യമില്ല. മലേഷ്യന്‍ ഇ -വിസയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. മലേഷ്യ എയര്‍ലൈന്‍സ്, ബാറ്റിക് എയര്‍, എയര്‍ ഏഷ്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയില്‍ പ്രതിവാരം 14,000 സീറ്റുകള്‍ വീതം ഇന്ത്യ- മലേഷ്യ യാത്രയ്ക്ക് ലഭ്യമാണ്.

ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരി0കളെ സ്വീകരിക്കാന്‍ മലേഷ്യ പൂര്‍ണമായും ഒരുങ്ങികഴിഞ്ഞെന്നും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് മലേഷ്യ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച അവസരം ഇതാണെന്നും മലേഷ്യന്‍ ഡെപ്യുട്ടി ടൂറിസം മന്ത്രി ഡോ. ജെ.പി സന്താര പറഞ്ഞു. മലേഷ്യയിലേക്കുള്ള സന്ദര്‍ശകരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2019 ല്‍ 735,309 (+22%) ഇന്ത്യന്‍ സഞ്ചാരികളാണ് മലേഷ്യയിലെത്തിയത്.

മലേഷ്യന്‍ ടൂറിസത്തിന്റെ പ്രചാരണത്തി0നായി ടൂറിസം സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. മലേഷ്യ അസോസിയേഷന്‍ ഓഫ് ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് (എം എ ടി ടി എ) സഹകരണത്തോടെയാണ് ടൂറിസം മലേഷ്യ കൊച്ചിയില്‍ റോഡ് ഷോ സംഘടിപ്പിച്ചത്.