മൂന്നാര്‍ പുഷ്‌പോത്സവം മേയ് ഒന്ന് മുതല്‍

Posted on: April 30, 2022

കൊച്ചി : നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നതിനായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മെയ് ഒന്ന് മുതല്‍ 10 വരെ മൂന്നാര്‍ ഗവണ്മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുഷ്‌പോത്സവം സംഘടിപ്പിക്കുന്നു.

ആറ് ഏക്കറോളം വരുന്ന സ്ഥലത്ത് പതിനായിരത്തോളം വ്യത്യസ്തങ്ങളായ പുഷ്പങ്ങളും പൂച്ചെടികളും വിദേശയിനം ചെടികളുമാണ് പുഷ്‌പോത്സവത്തിലുള്ളത്. 3000 റോസ്, 2000 ലധികം ഡാലിയ, ഇറക്കുമതി ചെയ്ത ഒലിവ്, മാഗ്‌നോലിയ എന്നിവയും ഇതിലുള്‍പ്പെടും. മൂന്നാര്‍ ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പുഷ്‌പോദ്യാനം ഒരുക്കുന്നത്. രണ്ട് വാരാന്ത്യങ്ങളിലുള്‍പ്പെടെ പത്തു ദിവസം കൊണ്ട് പതിനായിരത്തോളം സന്ദര്‍ശകരെയാണ് ഡിടിപിസി പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തുടനീളം ടൂറിസം പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുമ്പോഴാണ് മൂന്നാര്‍ പുഷ്‌പോത്സവം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പുഷ്‌പോത്സവം വലിയ ആകര്‍ഷണമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മികച്ച അവസരമാണ് പുഷ്‌പോത്സവത്തിലൂടെ മൂന്നാറിന് കൈവന്നിരിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജ പറഞ്ഞു.

പുഷ്‌പോത്സവത്തിനൊപ്പം കലാസന്ധ്യ, രുചിയുടെ വ്യത്യസ്തകളുമായി ഭക്ഷണശാലകള്‍ എന്നിവയും സജ്ജീകരിക്കും. വരുംവര്‍ഷങ്ങളിലും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുഷ്‌പോത്സവം സംഘടിപ്പിക്കാനും ഡിടിപിസി ഉദേശിക്കുന്നുണ്ട്. അവധിക്കാലത്ത് മൂന്നാറിന്റെ പുത്തന്‍ ആകര്‍ഷണമായി പുഷ്‌പോത്സവത്തെ മാറ്റുകയാണ് ലക്ഷ്യം.