ആലപ്പുഴ നഗര പൈതൃക പദ്ധതി ഒന്നാം ഘട്ടം: നാലു പദ്ധതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Posted on: November 4, 2020


ആലപ്പുഴ:  ആലപ്പുഴ പട്ടണത്തിന് പുതിയ മുഖം ന
ല്‍കുന്നതിനും പൊയ്പോയ  സുവര്‍ണകാലം വീണ്ടെടുക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി പൂര്‍ത്തീകരിച്ച നാല് പദ്ധതികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.  


പോര്‍ട്ട് മ്യൂസിയം കെട്ടിട സമുച്ചയം, സൗക്കര്‍ മസ്ജിദ്, മിയാവാക്കി വനം, ഒന്നാംഘട്ട കനാല്‍ നവീകരണം എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

നാലുകോടി രൂപ ചെലവില്‍ നടത്തുന്ന ആലപ്പുഴ ബീച്ച് സൗന്ദര്യവല്‍ക്കരണം, ബീച്ചിലെ 150 വര്‍ഷം പഴക്കമുള്ള കടല്‍പ്പാലത്തിന്‍റെ പുനരുദ്ധാരണം, മാരിടൈം സിഗ്നല്‍ മ്യൂസിയം, സേത്ത് ബ്രദേഴ്സ് കമ്പനിയുടെ രത്ന പണ്ടകശാല നവീകരിച്ചു പൈതൃക മ്യൂസിയമാക്കുന്ന പദ്ധതി, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനുവേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടം, നഗരത്തിലെ പഴയകാല മധുര കമ്പനി ഗോഡൗണില്‍ നടപ്പാക്കുന്ന കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം, 14 കോടി രൂപ ചെലവുള്ള രണ്ടാംഘട്ട കനാല്‍ പുനരുദ്ധാരണം, ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ സ്മരണയ്ക്കായി കൊച്ചി രൂപത 1888-ല്‍ സ്ഥാപിച്ച ലിയോ സ്കൂള്‍ കെട്ടിട സമുച്ചയം സംരക്ഷിത  സ്മാരകമാക്കുന്ന പദ്ധതി, പോര്‍ട്ട് ഓഫീസ് സമുച്ചയത്തില്‍ ആരംഭിക്കുന്ന പോര്‍ട്ട് മ്യൂസിയം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

20 മ്യൂസിയങ്ങള്‍, 11 സ്മാരകങ്ങള്‍, അഞ്ച് പൊതു ഇടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണ, നവീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ പൈതൃക പദ്ധതി വഴി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ ആലപ്പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകും. അനാകര്‍ഷകമായി മാറിയ കനാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി സുപ്രധാനമാണ്. കനാല്‍ നവീകരണം ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കും. വിനോദസഞ്ചാരികള്‍ക്ക് കുളിര്‍മയേകുന്ന തരത്തില്‍ കനാലുകള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യാണ്‍ മ്യൂസിയം, ലിവിങ് കയര്‍ മ്യൂസിയം, മ്യൂസിയം ഓഫ് കയര്‍ ഹിസ്റ്ററി , മ്യൂസിയം ഓഫ് ലേബര്‍ മൂവ്മെന്‍റ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആലപ്പുഴയുടെ പൈതൃകം സംരക്ഷിക്കണമെന്ന കാഴ്ച്ചപ്പാട് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരാണിക ചരിത്ര പെരുമയുള്ള ആലപ്പുഴയുടെ പൈതൃക സമ്പത്ത് വീണ്ടെടുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ചടങ്ങില്‍  അദ്ധ്യക്ഷനായിരുന്ന ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയുടെ സമഗ്ര വികസനവും ടൂറിസം വികസനവുമാണ് പദ്ധതിയുടെ കാതല്‍. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പരിശ്രമമാണിതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധയുടെ പ്രത്യാഘാതം നേരിട്ട ടൂറിസം മേഖല കൊവിഡ് അനന്തര കാലഘട്ടത്തില്‍ മികച്ച വളര്‍ച്ച നേടുമെന്നും അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ പൈതൃക പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും  ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിലെത്തുന്ന അഞ്ചുലക്ഷത്തോളം വിനോദസഞ്ചാരികളില്‍പകുതിയോളം പേരെ പദ്ധതി പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ ആഭ്യന്തര ടൂറിസം രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.


പൈതൃക പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാഷ്ട്രീയ നവോത്ഥാന ചരിത്രത്തിലും കയര്‍ വ്യവസായത്തിലും ഇടം നേടിയ ആലപ്പുഴയുടെ മുഖച്ഛായമാറുമെന്ന് തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മ്യൂസിയത്തിലേക്കുള്ള ചിത്രങ്ങള്‍ക്കായി പ്രമുഖ ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ലളിതകലാ അക്കാദമി നടത്തുന്ന പെയിന്‍റിംഗ് ക്യാമ്പിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.


ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമന്‍,  ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരനും സന്നിഹിതനായിരുന്നു. ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. ഡയറകടര്‍ ശ്രീ പി ബാല കിരണ്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെടിഡിസി എംഡി ശ്രീ കൃഷ്ണ തേജ,  ശ്രീ എ.എം. ആരിഫ് എംപി, ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീ എ. അലക്സാണ്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

ടൂറിസം വകുപ്പ് 35 കോടി രൂപയും കയര്‍ വകുപ്പ് 10 കോടിയും തുറമുഖ വകുപ്പ്  1.25 കോടി രൂപയും കിഫ്ബി 162 കോടിയും ചെലവഴിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് 2018-ല്‍  തുടക്കമിട്ടത്.  100 കോടി രൂപയിലധികം ചെലവഴിച്ച് ഒന്നാം ഘട്ട വികസനത്തില്‍ അഞ്ച് മ്യൂസിയങ്ങള്‍, രണ്ട് സ്മാരകങ്ങള്‍, നാല് പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ 11 മേഖലകളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.