അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് 24 ന് തുറക്കും

Posted on: October 23, 2020

 

കൊച്ചി: ലോക്ക് ഡൗണിന് ശേഷം അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് 24 ന് തുറക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അണ്‍ലോക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും പാര്‍ക്ക് തുറക്കുക.

അടച്ചുപൂട്ടലിനെ തുടര്‍ന്ന് വ്യക്തികളും കുടുംബങ്ങളും നേരിടുന്ന ഒറ്റപ്പെടലുകളും മാനസിക സംഘര്‍ഷങ്ങളും ലഘൂകരിക്കുന്നതിനും വിനോദ സഞ്ചാര മേഖല സജീവമാക്കുന്നതിനുമാണ് പാര്‍ക്ക് തുറക്കാന്‍ തീരുമാനിച്ചതെന്ന് സില്‍വര്‍ സ്റ്റോം മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ പറഞ്ഞു. കോവിഡ് 19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഒറ്റപ്പെടലുകളില്‍ നിന്നും ആശ്വാസം നല്‍കാനും പ്രതിസന്ധി ഘട്ടത്തില്‍ വ്യക്തികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനും അമ്യൂസ്മെന്റ് പാര്‍ക്ക് പോലെയുള്ള ഉല്ലാസ കേന്ദ്രങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും ഷാലിമാര്‍ പറഞ്ഞു .

കോവിഡ് മാനദണ്ഡങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനമുണ്ടാവില്ല. ഫുഡ് കോര്‍ട്ടുകള്‍, റസ്റ്റോറന്റ്, ഐസ്‌ക്രീം പാര്‍ലറുകള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, പ്രയര്‍ ഹാള്‍, ഫസ്റ്റ് എയ്ഡ്, ഫീഡിംങ്ങ് റൂം എന്നിവയും പ്രവര്‍ത്തന സജ്ജമാണ്. മുതിര്‍ന്നവര്‍ക്ക് 673 രൂപയും കുട്ടികള്‍ക്ക് 555 രൂപയുമാണ് പ്രവേശന നിരക്ക്. www.silverstorm.in എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 9447603344 നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇരുപത്തഞ്ചോളം അമ്യൂസ്മെന്റ് റൈഡുകളും ഇരുപത്തഞ്ചോളം വാട്ടര്‍ റൈഡുകളും സഞ്ചാരികള്‍ക്കായി തയ്യാറായി കഴിഞ്ഞു. പാര്‍ക്ക് അണുവിമുക്തമാക്കി സാമൂഹ്യ അകലം പാലിക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് 20 % ഡിസ്‌ക്കൗണ്ട് ലഭിക്കും. സന്ദര്‍ശകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹ്യ അകലവും ഉറപ്പാക്കണം.

സില്‍വര്‍ സ്റ്റോം റിസോര്‍ട്ടും സഞ്ചാരകള്‍ക്കായി തുറന്നിട്ടുണ്ട്. ഫോര്‍ സ്റ്റാര്‍ നിലവാരത്തിലുള്ള താമസം ഇവിടെ ലഭിക്കും. ബുക്കിംഗിനായി : 8304804460.