ദേശീയപാതാ ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്രത്തിലൂടെ 1500 കോടി രൂപ സമാഹരിക്കുന്നു

Posted on: October 7, 2022

കൊച്ചി : നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്രങ്ങള്‍ ഇറക്കി 1500 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രം (എന്‍സിഡി) ഇഷ്യൂ ചെയ്യാനുള്ള കരട് പ്രോസ്പെക്ടസ് സെബിയില്‍ ഫയല്‍ ചെയ്തു.

കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്റെ പ്രൊവിഷനല്‍ കെയര്‍ ട്രിപ്പിള്‍ എ, ഇന്ത്യാ റേറ്റിംഗ്സ് ആന്റ് റിസര്‍ച് പ്രൈ. ലിമിറ്റഡിന്റെ പ്രൊവിഷനല്‍ ഐഎന്‍ഡി ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിംഗുകളുള്ള കടപ്പത്രങ്ങളാണിവ. ഇത് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. സമാഹരിക്കുന്ന തുക വിവിധ ദേശീയ പാതാ പദ്ധതികളുടെ ആവശ്യങ്ങള്‍ക്കും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും.

നിലവില്‍ ഗുജറാത്ത്, രാജസ്ഥാന്‍, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 389 കിലോ മീറ്റര്‍ റോഡ് സ്വന്തമായി പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നാഷനല്‍ ഹൈവേസ് ഇന്‍ഫ്ര ട്രസ്റ്റ്. തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 246 കിലോ മീറ്റര്‍ ദൂരം വരുന്ന മൂന്ന് ടോള്‍ റോഡുകള്‍ കൂടി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്.