മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി ഇഷ്യുവിലൂടെ 300 കോടി രൂപ സമാഹരിക്കുന്നു

Posted on: May 25, 2022

കൊച്ചി : 1000 രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (സെക്യൂര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍) പബ്ലിക് ഇഷ്യുവിന്റെ 27-ാമത് സീരീസ് മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിച്ചിരിക്കുന്നത്.

ഐസിആര്‍എയുടെ എഎപ്ലസ് സ്റ്റേബിള്‍ റേറ്റിംഗുള്ള കടപ്പത്ര വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും. എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ഉപയോഗപ്പെടുത്തും.

പ്രതിമാസം, വാര്‍ഷികം അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭ്യമാകുന്ന തരത്തില്‍ ഏഴ് നിക്ഷേപ ഓപ്ഷനുകളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഈ കടപ്പത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ വാര്‍ഷിക ആദായം നേടാം.

ഈ ഇഷ്യുവിലൂടെ നിക്ഷേപകര്‍ക്ക് മികച്ച റേറ്റിംഗും ആകര്‍ഷകമായ പലിശ നിരക്കും എന്ന ഇരട്ട നേട്ടം ലഭ്യമാകുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

TAGS: Muthoot Finance |