മുത്തൂറ്റ് ഫിനാന്‍സിന്റെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം എട്ടു ശതമാനം വര്‍ധിച്ച് 3,025 കോടി രൂപയിലെത്തി

Posted on: February 14, 2022

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളിലെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം എട്ടു ശതമാനം വര്‍ധിച്ച് 3,025 കോടി രൂപയിലെത്തി. ഇക്കാലത്തെ സംയോജിത വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഒന്‍പതു ശതമാനം വര്‍ധിച്ച് 60,896 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ സംയോജിത ലാഭം 1,044 കോടി രൂപയാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാന്‍ രാജ്യം പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് മൂന്നാം ത്രൈമാസത്തിനിടെ മൂന്നാം തരംഗവും ആഘാതമേല്‍പ്പിച്ചതെന്ന് പ്രവര്‍ത്തന ഫലത്തെ കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. ഈ സാഹചര്യത്തിലും 60,896 കോടി രൂപയെന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികള്‍ നിലനിര്‍ത്താന്‍ കമ്പനിക്കായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതു ശതമാനം വളര്‍ച്ചയാണ് സംയോജിത ആസ്തികളുടെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായത്. ഘട്ടം ഘട്ടമായി സാമ്പദ്ഘടനയുടെ വളര്‍ച്ച നടക്കുകയാണെന്നും ഉപഭോക്താക്കള്‍ സ്വര്‍ണ പണയം എല്ലാ സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്താമെന്നു മനസിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ പണയത്തിന്റെ വളര്‍ച്ചയെ കുറിച്ചു തങ്ങള്‍ക്കു ശുഭാപ്തി വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം തരംഗത്തിനിടെ വായ്പകളുടെ തിരിച്ചു പിടിക്കലിനാണ് തങ്ങള്‍ ശ്രദ്ധ പതിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഈ ത്രൈമാസത്തിനിടെ തങ്ങള്‍ 3.81 ലക്ഷം പുതിയ ഉപഭോക്താക്കള്‍ക്ക് 4,007 കോടി രൂപയുടെ പുതിയ വായ്പകള്‍ നല്‍കിയതായും സജീവമല്ലാതിരുന്ന 4.98 ലക്ഷം ഉപഭോക്താക്കള്‍ക്ക് 4,426 കോടി രൂപയുടെ വായ്പകള്‍ നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങളുടെ മെച്ചപ്പെടുത്തിയ പതിപ്പുകള്‍ വായ്പാ വളര്‍ച്ചയ്ക്കു സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

TAGS: Muthoot Finance |