സൗത്ത് ഇന്ത്യൻ ബാങ്കിന് 91.62 കോടി രൂപ നഷ്ടം

Posted on: January 22, 2021

കൊച്ചി: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 90.54 കോടി രൂപയുടെ ലാഭത്തിലായിരുന്നു ബാങ്ക്. അതേസമയം, 377 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി.

മൊത്തം കിട്ടാക്കടം വായ്പയുടെ 4.90 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.12 ശതമാനമായും കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. വായ്പയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും നിക്ഷേപത്തില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കിട്ടാക്കടത്തിനായി കൂടുതല്‍ തുക വകയിരുത്തിയതാണ് നഷ്ടം രേഖപ്പെടുത്താന്‍ ഇടയാക്കിയതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ. യുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് വായ്പയുടെ അനുപാതം കുറച്ച് റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

2021 ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ പുതിയ വളര്‍ച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കെന്ന് മുരളി രാമകൃഷ്ണന്‍ അറിയിച്ചു.