മുത്തൂറ്റ് മിനി ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു

Posted on: November 24, 2020

കൊച്ചി: സ്വര്‍ണപ്പണയ സ്ഥാപനമായ ‘മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്’ പ്രാഥമിക ഓഹരി വില്പന (ഐ.പി. ഒ.) നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. 2024-25 ഓടെ ഐ.പി.ഒ. നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ‘മുത്തൂറ്റ് മിനി’ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

ഇതിനു മുന്നോടിയായി വന്‍തോതില്‍ വികേന്ദ്രീകൃത വികസന ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ് കമ്പനി. നിലവില്‍ 806 ശാഖകളാണ് കമ്പനിക്കുള്ളത്. ഉടന്‍തന്നെ അത് 825 ആയി ഉയര്‍ത്തും. 2022-ഓടെ ഇത് 1,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. ശാഖകള്‍ ഒമ്പതു സോണുകളുടെ കീഴിലാക്കി തിരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും നിര്‍വഹിക്കുക. ഓഹരിയാക്കാനാകാത്ത കടപത്രങ്ങള്‍ (എന്‍.സി.ഡി.) പുറത്തിറക്കി 650 കോടി രൂപ സമാഹരിച്ച കമ്പനി ഈ മാര്‍ഗത്തില്‍ 350 കോടി രൂപ കൂടി സ്വരൂപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 1,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഇടപാടുകാര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനായി ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍ പദ്ധതി അവതരിപ്പിച്ച കമ്പനി മൊത്തം ബിസിനസ്സിന്റെ നാലിലൊന്നും ഈ മാര്‍ഗത്തില്‍ നിന്നാക്കാനുള്ള ശ്രമത്തിലാണ്.

 

TAGS: Muthoot Mini |