സൗത്ത് ഇന്ത്യൻ ബാങ്കിന് 65 കോടി രൂപ അറ്റാദായം

Posted on: October 16, 2020

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് കോവിഡിനിടയിലും 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 65.09 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 84.48 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 411.45 കോടിയില്‍നിന്ന് 413.97 കോടി രൂപയായി വര്‍ധിച്ചു.

കോവിഡ് മൂലമുള്ള നഷ്ടസാധ്യത കണക്കിലെടുത്ത് കൂടുതല്‍ തുക വകയിരുത്തിയതാണ് ലാഭം കുറയാന്‍ കാരണം. അതിനിടെ, നഷ്ടസാധ്യത കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി കോര്‍പ്പറേറ്റ് വായ്പയുടെ അനുപാതം കുറച്ചുകൊണ്ടുവരികയാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായി ഈയിടെ ചുമതലയേറ്റ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

മൊത്തം വായ്പയില്‍ കോര്‍പ്പറേറ്റ് വായ്പകളുടെ അനുപാതം 25.10 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ ഇത് 30.83 ശതമാനമായിരുന്നു.

മൊത്തം കിട്ടാക്കടം വായ്പയുടെ 4.87 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.59 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. 750 കോടി രൂപയുടെ വരെ മൂലധനം സമാഹരിക്കാന്‍ ബാങ്കിന്റെ ഓഹരിയുടമകള്‍ അനുമതി നല്‍കിയിട്ടുണ്ട്.

അനുയോജ്യമായ സമയത്ത് ഇത് നടത്തി മൂലധന പര്യാപ്തത ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടെക്നോളജി രംഗത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശക്തമായ നിലയിലാണെന്നും വരും വര്‍ഷങ്ങളിലും ഈ മേഖലയില്‍ നിക്ഷേപം തുടരുമെന്നും മുരളി രാമകൃഷ്ണന്‍ പറഞ്ഞു.