സൗത്ത് ഇന്ത്യന്‍ ബാങ്കിന് 81.65 കോടി അറ്റാദായം

Posted on: July 9, 2020

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ക്വാര്‍ട്ടറില്‍ 81.65 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 73.26 കോടി രൂപയായിരുന്നു. (11.45 ശതമാനം വര്‍ധന). പ്രവര്‍ത്തനലാഭം ഒന്നാം ക്വാര്‍ട്ടറില്‍ 27.09 ശതമാനം വര്‍ധനയോടെ 403.68 കോടി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 317.63 കോടിയായിരുന്നു പ്രവര്‍ത്തനലാഭം.

അറ്റപലിശ വരുമാനത്തില്‍ ഒന്നാം ക്വാര്‍ട്ടറില്‍ 10 ശതമാനം വര്‍ധനയുണ്ടായി. അറ്റപലിശ മാര്‍ജിന്‍ 2.53 ശതമാനത്തില്‍ നിന്നും 2.62 ശതമാനമായി ഉയര്‍ന്നു. പലിശേതര വരുമാനത്തില്‍ 57 ശതമാനം വര്‍ധന ഒന്നാം ക്വാര്‍ട്ടറില്‍ രേഖപ്പെടുത്തി. ബാങ്കിന്റെ സിഎഎസ്എ(CASA) നിക്ഷേപങ്ങളുടെ അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 24.13 ശതമാനത്തില്‍ നിന്നും 26.89 ശതമാനമായി ഉയര്‍ന്നു.

മൊത്ത നിഷ്‌ക്രിയാസ്തി 4.96 ശതമാനത്തില്‍ നിന്നും 4.93 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയാസ്തി 3.41 ശതമാനത്തില്‍ നിന്നും 3.09 ശതമാനമായി കുറഞ്ഞു. നിഷ്‌ക്രിയ വായ്പകള്‍ക്കായുള്ള നീക്കിയിരുപ്പ് അനുപാതം 45.08 ശതമാനത്തില്‍ നിന്നും 58.76 ശതമാനമായി വര്‍ധിച്ചു. ഈ വര്‍ധന ബാങ്കിനു ശ്രേദ്ധേയമായ നേട്ടമാണെന്നു എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.

ഒന്നാം ക്വാര്‍ട്ടറില്‍ റീട്ടെയില്‍, അഗ്രികള്‍ച്ചര്‍, എംഎസ്എംഇ വായ്പായിനങ്ങളില്‍ ഗണ്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. കോര്‍പറേറ്റ് വായ്പാ ഇനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കോര്‍പറേറ്റ് വായ്പാ അനുപാതം മൊത്തം വായ്പയുടെ 28 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതു 32 ശതമാനമായിരുന്നു. റീട്ടെയില്‍ പോര്‍ട്ട്‌ഫോളിയോ 10 ശതമാനവും അഗ്രികള്‍ച്ചര്‍ 15 ശതമാനവും എംഎസ്എംഇ ഒമ്പതുശതമാനവും വര്‍ധന രേഖപ്പെടുത്തി.

കോവിഡ് – 19 മായി ബന്ധപ്പെട്ടുള്ള നീക്കിയിരുപ്പ്, നിര്‍ബന്ധിത നീക്കിയിരിപ്പുള്‍പ്പെടെ 100.45 കോടി രൂപയാണ്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.49 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംക്വാര്‍ട്ടറില്‍ ഇതു 12.17 ശതമാനമായിരുന്നു.