സൗത്ത് ഇന്ത്യന്‍ ബാങ്കിന് 533 കോടി രൂപ പ്രവര്‍ത്തനലാഭം

Posted on: June 27, 2020

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവാസാന ത്രൈമാസത്തില്‍ കൈവരിച്ച പ്രവര്‍ത്തനലാഭം റെക്കോര്‍ഡ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 327.55 കോടി രൂപ മാത്രമായിരുന്ന പ്രവര്‍ത്തന ലാഭം 2019-20 അവസാന ക്വാര്‍ട്ടറില്‍ 533.42 കോടിയിലെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധന 62.85 ശതമാനം.

കോവിഡ് പശ്ചാത്തലത്തില്‍ 76 കോടിയും വായ്പകള്‍ വിറ്റഴിച്ച വകയിലുണ്ടായ മൂല്യത്തിന്റെ പേരില്‍ 255 കോടിയും കരുതലായി വേണ്ടിവന്നതു മൂലം 143.85 കോടി രൂപ അറ്റ നഷ്ടമുണ്ടായി. എങ്കിലും സാമ്പത്തിക വര്‍ഷം 104.59 കോടി രൂപയുടെ അറ്റാദായം നേടാന്‍ കഴിഞ്ഞു.

കരുതല്‍ തുക വേണ്ടി വന്നിരുന്നെങ്കില്‍ അവസാന ക്വാര്‍ട്ടറില്‍ 103.73 കോടിയും 2019-20 ല്‍ 351.26 കോടിയും അറ്റാദായം രേഖപ്പെടുത്താനാകുമായിരുന്നു. കോവിഡിന്റെ പേരില്‍ തുക നീക്കിവയ്‌ക്കേണ്ടതില്ലാത്തതിനാല്‍ നടപ്പു ത്രൈമാസത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലത്തിനു സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഫലം ജൂലൈ 8 നു പ്രഖ്യാപിക്കും.

ബാങ്കിന്റെ മൊത്തം ബിസിനസ് 1,48,558 കോടി രൂപയിലെത്തിയതായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി.ജി. മാത്യു അറിയിച്ചു. ജനുവരി – മാര്‍ച്ച് കാലയളവില്‍ നിക്ഷേപം 9.55 ശതമാനം വര്‍ധിച്ച് 80.700 കോടിയിലെത്തി. എന്‍ആര്‍ഐ നിക്ഷേപം 10.61 ശതമാനം വര്‍ദ്ധിച്ച് 23,710 കോടിയായി. കിട്ടാക്കടം 3.45 ല്‍ നിന്നു 3.34 ശതമാനത്തിലേക്കു താഴ്ന്നു. അറ്റ പലിശ വരുമാനത്തിലെ വാര്‍ഷിക വര്‍ധന 19.39 ശതമാനമാണ്.

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.42 ശതമാനമായിരുന്നത് 13.41 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.